Health

സ്ത്രീകൾക്കിടയിൽ സ്തനാര്‍ബുദം പടരുന്നു, രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിഞ്ഞിരിക്കുക

രാജ്യത്ത് സ്ത്രീകള്‍ക്കിടയിലെ കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. 2019 ല്‍ 6,95,072 ആയിരുന്നു രോഗബാധിതരുടെ എണ്ണമെങ്കില്‍ 2021 ആകുമ്പോഴേക്കും അത് 7,30,771 ആയി ഉയർന്നു.

ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് സ്തനാര്‍ബുദമാണ്. രണ്ടാമതായി തൊണ്ടയില്‍ പടരുന്ന കാന്‍സറും.

Signature-ad

സ്തനാർബുദം വരാനുള്ള സാധ്യത തനിക്കുണ്ടോ എന്ന് ഓരോ സ്ത്രീയും സ്വയം വിലയിരുത്തണം. അതനുസരിച്ച് ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണം.
സ്തനാർബുദത്തെയും ചികിത്സാ രീതികളെക്കുറിച്ചും കൂടുതൽ മനസ്സിലാക്കുക.

അമ്മയ്ക്കോ സഹോദരിമാർക്കോ സ്തനാർബുദം വന്നവർക്ക് സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായി സ്തനാർബുദം വരാൻ കാരണമായേക്കാവുന്ന ജനിതക തകരാർ വഹിക്കുന്ന വ്യക്തികൾ, സ്തനത്തിന്റെ ഭാഗത്തേക്ക് റേഡിയേഷൻ ചികിത്സ സ്വീകരിച്ചവർ എന്നിവർക്കും രോഗ സാധ്യത കൂടുതലാണ്.

സ്തനാർബുദത്തിന് ഏറ്റവും മികച്ച ചികിത്സ ഏതു സ്റ്റേജിലും ലഭ്യമാണ്. രോഗം മറ്റു ഭാഗങ്ങളിൽ പടർന്നിട്ടുണ്ടോ എന്നറിയാൻ ഡോക്ടർ ചിലപ്പോൾ സി.ടി. സ്കാനോ പെറ്റ് സി.ടി സ്കാനോ നിർദേശിക്കും. ബയോപ്സി സാംപിളിൽ തന്നെ ട്യൂമറിന്റെ തരം അറിയാനുള്ള ടെസ്റ്റും നടത്തും.

ഈ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ സ്തനാർബുദത്തെ ഹോർമോൺ പോസിറ്റീവ്, ട്രിപ്പിൾ നെഗറ്റീവ്, ഹെർ 2 പോസിറ്റീവ് എന്നിങ്ങനെ മൂന്നായി തരംതിരിക്കാറുണ്ട്.

രോഗത്തിന്റെ തരവും സ്റ്റേജും അനുസരിച്ചാണ് ചികിത്സ. ചിലരെ ആദ്യംതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കും. മറ്റു ചിലർക്ക് ആദ്യം കീമോതെറാപ്പി മരുന്നുകൾ കൊടുത്ത ശേഷമാണ് ശസ്ത്രക്രിയ. രോഗം കണ്ടെത്തുമ്പോൾ തന്നെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിച്ച അവസ്ഥയിലുള്ളവർക്ക് ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സയാണ് നിർദേശിക്കുക.

ശസ്ത്രക്രിയയ്ക്കു ശേഷവും കീമോതെറാപ്പി നൽകാറുണ്ട്. അവശേഷിക്കുന്ന സൂക്ഷ്മമായ കാൻസർ അണുക്കളെ ഉന്മൂലനം ചെയ്യാനാണ് ശസ്ത്രക്രിയയ്ക്കു ശേഷം കീമോതെറാപ്പി കൊടുക്കുന്നത്. ഇത് കാൻസർ ഭേദപ്പെടാനുള്ള സാധ്യത എൺപതും തൊണ്ണൂറും ശതമാനം വരെയാക്കും.

രണ്ടു സാഹചര്യങ്ങളിലാണ് റേഡിയേഷൻ കൊടുക്കുക. സ്തനങ്ങൾ നില നിർത്തിയുള്ള ശസ്ത്രക്രിയയ്ക്കു ശേഷവും കക്ഷത്തിലെ ലിംഫ് ഗ്രന്ഥിയിലേക്ക് രോഗം പടർന്നവർക്കും.

Back to top button
error: