ദുഖപുത്രിയായ ശാരദ അമ്മയും മകളുമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ച ‘താര’ തീയേറ്ററുകളിലെത്തിയത് ഡിസംബർ 18ന്

സിനിമ ഓർമ്മ
ശാരദ അമ്മയും മകളുമായി അഭിനയിച്ച താര റിലീസ് ചെയ്തത് 1970 ഡിസംബർ 18ന്. ഭൂതകാലത്തെ തെറ്റുകൾ തിരുത്താൻ വർത്തമാനകാലം അവസരം തരുമെന്നാണ് ശാരംഗപാണിയുടെ കഥയുടെ ഉള്ളടക്കം. എസ്.എൽ പുരം സദാനന്ദന്റേതാണ് സംഭാഷണം. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് എം കൃഷ്ണൻനായർ.
വിവാഹമുറപ്പിച്ച വാസന്തി (ശാരദ) ട്രെയിനിൽ വച്ച് പ്രതിശ്രുത വരനുമായി (ഉമ്മർ) ബന്ധപ്പെട്ടു. പക്ഷെ വിവാഹസമയമായപ്പോൾ ഗർഭിണിയായ വാസന്തിയെ സ്വീകരിക്കാൻ വരൻ വിസമ്മതിച്ചു. വാസന്തി ഒരു പെൺകുഞ്ഞിന് ജന്മം നൽകി ഒരു റെസ്ക്യൂ ഹോമിൽ ഏൽപ്പിച്ചു. വാസന്തിയെ ബാലകൃഷ്ണൻ (സത്യൻ) വിവാഹം ചെയ്തു. അതിലുണ്ടായ പുത്രി (ജയഭാരതി) യുമായി വേണുഗോപാലന്റെ (നസീർ) വീട്ടുകാർ കല്യാണം നിശ്ചയിക്കുന്നു. പക്ഷെ വേണു താരയുമായി (ശാരദ) പ്രണയത്തിലാണ്. സങ്കട നാടകങ്ങൾക്കൊടുവിൽ താരയ്ക്ക് പ്രണയസാഫല്യമുണ്ടാവുമെന്നത് കാലത്തിന്റെ നീതി.
വയലാർ-ദേവരാജൻ ടീമിന്റെ 5 പാട്ടുകളിൽ ‘ഉത്തരായനക്കിളി പാടി’, ‘നുണക്കുഴി കവിളിൽ നഖചിത്രമെഴുതും’ ഹിറ്റായി. ‘കാളിദാസനും കണ്വമുനിയും മരിച്ചെങ്കിലും ശകുന്തള മരിച്ചില്ല’ എന്ന് വയലാർ എഴുതിയത് വാസന്തിയുടെ അവസ്ഥ വിവരിക്കാനാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ






