ലണ്ടന്‍: ദേശീയ ഹെല്‍ത്ത് സര്‍വീസിന്റെ (NHS) 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടനില്‍ നഴ്സുമാര്‍ പണിമുടക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഒരു ലക്ഷത്തോളം വരുന്ന നഴ്സുമാര്‍ പണിമുടക്കിയത്. ശമ്പളവര്‍ദ്ധന അടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിലെത്തി സമരം നടത്തിയതോടെ രാജ്യത്തെ ദേശസാല്‍കൃത ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പ്രതിസന്ധിയിലാക്കി. 76 സര്‍ക്കാര്‍ ആശുപത്രികളുടേയും ആരോഗ്യകേന്ദ്രങ്ങളുടേയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു.
അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള കീമോതെറാപ്പി, ഡയാലിസിസ്, ഇന്റന്‍സീവ് കെയര്‍ മേഖലകളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയായിരുന്നു സമരം നടന്നത്. രാജ്യത്തെ ഏറ്റവും വലിയ നഴ്സിങ് തൊഴിലാളി യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്സിങ് (RCN) ആണ് സമരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. 106 വര്‍ഷത്തിനിടെ സംഘടിപ്പിക്കുന്ന വലിയ സമരമായിരുന്നു വ്യാഴാഴ്ച സംഘടിപ്പിച്ചത്. ഈ മാസം 20 നും പണിമുടക്കുമെന്ന് റോയല്‍ കോളജ് ഓഫ് നഴ്സിങ് അറിയിച്ചിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യുകെയില്‍ നാണ്യപ്പെരുപ്പം 10 ശതമാനത്തിലേറെയാണ്. അതിനാല്‍ തന്നെ ജീവിതചെലവ് വര്‍ദ്ധിച്ചതായും 19 ശതമാനം ശമ്പളവര്‍ധനവ് വേണമെന്നുമാണ് സമരം നടത്തുന്ന നഴ്സിങ് യൂണിയന്റെ ആവശ്യം.
ശമ്പളക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് നഴ്സിങ് യൂണിയന്റെ ആരോപണം. എന്നാല്‍, സ്വതന്ത്ര സമിതി നിശ്ചയിച്ച നാല് മുതല്‍ അഞ്ച് ശതമാനം വരെയുള്ള വര്‍ധന മാത്രമാണ് സാധ്യമായത് എന്നും അതിന് മുകളിലേക്കുള്ളത് സാധ്യമല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഇതില്‍ കൂടുതല്‍ വര്‍ധനവ് വരുത്തിയാല്‍ മറ്റ് സേവന മേഖലകളെ ബാധിക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീവ് ബാര്‍ക്ലേ പറയുന്നു.
ബ്രിട്ടനില്‍ നടക്കുന്ന സമരത്തില്‍ ജനങ്ങളുടെ പിന്തുണയും നഴ്സുമാര്‍ക്ക് തന്നെയാണ്. പണിമുടക്കിന് മുന്‍പ് നടത്തിയ സര്‍വേയിലാണ് ജനങ്ങളുടെ പിന്തുണയ്ക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. അടുത്തിടെ റെയില്‍, പോസ്റ്റല്‍, വ്യോമഗതാഗതം അടക്കമുള്ള സര്‍വീസുകളിലും പണിമുടക്കുകള്‍ നടന്നിരുന്നു. പിന്നാലെയാണ് നഴ്സുമാരും തെരുവിലിറങ്ങിയത്.