പുതുവത്സരം വരവായി: കാണാം ആസ്വദിക്കാം കേരളത്തിന്റെ കുളിരും ഹരിത ഭംഗിയും: ‘ദൈവത്തിന്റെ സ്വന്തം നാട്ടി’ൽ മറക്കാതെ കാണേണ്ട ചില മനോഹര സ്ഥലങ്ങള്‍
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് പ്രസിദ്ധമാണ് കേരളം. ഹരിതഭംഗികൊണ്ടും പുഴയും കായലും നിറഞ്ഞ ജലസമൃദ്ധി കൊണ്ടും മഞ്ഞും മഴയും പകരുന്ന കുളിരിൻ്റ ക്കൂടാരം എന്ന നിലയിലും സഞ്ചാരികളുടെ ഹൃദയം കവരുന്ന ഭൂമികയാണ് കേരളം. സുഖകരമായ കാലാവസ്ഥയില്‍ വിശ്രമിക്കാന്‍ വിദേശ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകി എത്തുന്നു. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഈ ക്രിസ്തുമസ്- പുതുവത്സര കാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില മനോഹരസ്ഥലങ്ങൾ പരിമയപ്പെടാം.
ആലപ്പുഴ
കായലും കള്ളും കപ്പയും കരിമീനും കൊണ്ട് സമൃദ്ധമായ ആലപ്പുഴ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണ്. സാധാരണ കേരളീയ വിഭവങ്ങളുടെ രുചിയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന ഹൗസ് ബോട്ടുകളുടെ അതുല്യമായ അനുഭവം ആസ്വദിച്ച് ഏകനായോ കുടുംബത്തോടൊപ്പമോ കായലിലൂടെ യാത്ര ചെയ്യാം. ബോട്ടിനുള്ളിലെ രാത്രിവാസവും കായൽപ്പരപ്പിലൂടെയുള്ള യാത്രയും മനം കവരുന്ന അനുഭവങ്ങളാണ്.
കൊച്ചി
കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രം. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും ബോൾഗാട്ടിയും. ചൈനീസ് മീന്‍ പിടുത്ത വലകള്‍ മുതല്‍ സുഗന്ധവ്യഞ്ജന കൃഷികള്‍ വരെ കൊച്ചിയില്‍ സഞ്ചാരികളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കാനുണ്ട്. തട്ടേക്കാട് പക്ഷി സങ്കേതവും ഭൂതത്താൻ കെട്ടും ചെറായി- മുനമ്പം ബീച്ചുകളുമൊക്കെ കൊച്ചിയുടെ ആകർഷണ കേന്ദ്രങ്ങളാണ്. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമാണ് ഈ നഗരം.
തേക്കടി
കേരളത്തിലെ ഏറ്റവും ആകര്‍ഷകവും അത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പ്രശസ്തമായ പെരിയാര്‍ വന്യജീവി സങ്കേതം തേക്കടിയിലാണ്. വന്യജീവി സങ്കേതത്തിന് ചുറ്റും അലഞ്ഞുതിരിയുന്ന ആനകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളെ സഞ്ചാരികൾക്ക് നേരിൽ കാണാം. പച്ചപ്പ് നിറഞ്ഞ വനത്തിലൂടെ യാത്ര ചെയ്യാം, പെരിയാര്‍ തടാകത്തിലെ ബോട്ട് യാത്രയും റോഡും വാഹനങ്ങളുമില്ലാത്ത കാനന മദ്ധ്യത്തിലെ താമസവും അവാച്യമായ അനുഭവങ്ങളാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം മേഖലയായ തേക്കടിയിൽ പറഞ്ഞാൽ തീരാത്തത്ര ദൃശ്യങ്ങളും ആക്റ്റിവിറ്റികളും ഉണ്ട്.
മൂന്നാര്‍
കേരളത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍, ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. കാന്തല്ലൂര് മുതൽ കാട്ടക്കാമ്പൂര് വരെ മൂന്നാറിലെ ഓരോ ഇഞ്ചും സഞ്ചാരികളെ ത്രസിപ്പിക്കും. തടാകങ്ങൾ, പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങള്‍, മൂടല്‍മഞ്ഞ് നിറഞ്ഞ മലകള്‍, കിലുകിലാരവം മുഴക്കി ഒഴുകുന്ന അരുവികള്‍… മൂന്നാറില്‍ എല്ലാം ഉണ്ട്.
തൃശൂര്‍
പൂരങ്ങളും പുരാതന സംസ്ക്കാരങ്ങളും കഥകളിയും മേളപ്പെരുമയും നിറഞ്ഞ തൃശൂര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്നു. പൂരം കൊണ്ടു പുകൾപെറ്റ തുശൂരിലെ മനോഹരവും അതിപ്രശസ്തവ്യമായ ക്ഷേത്രങ്ങളും പള്ളികളും സന്ദര്‍ശിക്കാം. ആതിരപ്പള്ളിയിലെ അതിസുന്ദരമായ വെള്ളച്ചാട്ടം കണ്ട് ആനന്ദിക്കാം. കാടിൻ്റെ ഹൃദയത്തിലൂടെ സ്വയം മറന്ന് സഞ്ചരിക്കാം.
വയനാട്:
ദക്ഷിണേന്ത്യയിലെ പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നായ വയനാട്, ചായ, കാപ്പി, ഏലം, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിന് പേരുകേട്ട നാട്. വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍, തടാകങ്ങള്‍, അണക്കെട്ടുകള്‍ തുടങ്ങി നിരവധി പ്രകൃതി വിസ്മയങ്ങളാല്‍ നിറഞ്ഞതാണ് ഈ പ്രദേശം,
കോഴിക്കോട്
കോഴിക്കോട് ഒന്നിലധികം രാജവംശങ്ങളുടെ കേന്ദ്രമാണ്. കിഴക്കന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര തുറമുഖമായതിനാല്‍ കോഴിക്കോട് ‘സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം’ എന്നും കണക്കാക്കപ്പെടുന്നു. വടക്കന്‍ പാട്ടുകള്‍ എന്നറിയപ്പെടുന്ന നാടന്‍ പാട്ടുകള്‍ക്ക് പ്രസിദ്ധമാണ് ജില്ല.
തിരുവനന്തപുരത്തെ പൊന്മുടി, പത്തനംതിട്ടയിലെ ഗവി, കാസർകോട്ടേ ബേക്കൽ തുടങ്ങി മനം കവരുന്ന സഞ്ചാര കേന്ദ്രങ്ങൾ കേരളത്തിൽ ഇനിയും നിരവധിയുണ്ട്.