
പത്തനംതിട്ട∙ ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേയ്ക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കൽ സ്റ്റാന്‍ഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിടുകയായിരുന്നു. തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്റെയും വഴിയിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയിൽ സംഘം കാത്തുനിന്നു. മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്.
സംഭവത്തെക്കുറിച്ച് വിജിലൻസ് ഓഫിസർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. ജീവനക്കാരുടെ പ്രവൃത്തി കെഎസ്ആർടിസിയുടെ സൽപേരിനു കളങ്കമുണ്ടാക്കിയതായി സർക്കാർ ഉത്തരവിൽ പറയുന്നു.






