ചണ്ഡീഗഡ്: പഞ്ചാബില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന തരണ്‍ താരണിലെ പോലീസ് സ്‌റ്റേഷന് നേര്‍ക്ക് റോക്കറ്റ് ആക്രമണം. സര്‍ഹലി പോലീസ് സ്റ്റഷനുനേരെ റോക്കറ്റ് ഉപയോഗിച്ചു തൊടുക്കുന്ന ഗ്രനേഡ് (ആര്‍.പി.ജി) കൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആര്‍ക്കും പരുക്കില്ലെങ്കിലും സമീപത്തെ കെട്ടിടത്തിനു കേടുപറ്റി.
7 മാസത്തിനിടെ സംസ്ഥാനത്തെ രണ്ടാമത്തെ ആര്‍.പി.ജി ആക്രമണമാണിതെന്ന് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. സൈനികര്‍ ഉപയോഗിക്കുന്ന തരം ആയുധമാണിതെന്നും പാക്കിസ്ഥാനില്‍നിന്നു കടത്തിയതാണെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അമൃത്സര്‍- ഭട്ടിന്‍ഡ ദേശീയപാതയിലാണ് സര്‍ഹലി പോലീസ് സ്റ്റേഷന്‍.
വെള്ളിയാഴ്ച രാത്രി 11:22 ന് ദേശീയപാതയില്‍ നിന്നു തൊടുത്തുവിട്ട ഗ്രനേഡ് പോലീസ് സ്റ്റേഷനിലെ സുവിധ സെന്ററില്‍ പതിക്കുകയായിരുന്നു. റോക്കറ്റ് ലോഞ്ചറും പ്രൊപ്പല്ലറും കണ്ടെടുത്തിട്ടുണ്ട്. പ്ചാബ് പോലീസിനു പുറമേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. നിരോധിത ഖലിസ്ഥാന്‍ ഭീകരസംഘടനയായ സിഖ്‌സ് ഫോര്‍ ഇന്‍്‌റര്‍നാഷണല്‍ ജസ്റ്റിസ് ആക്രമണത്തിന്‍െ്‌റ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മേയില്‍ മൊഹാലിയിലെ പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേരെ സമാന ആക്രമണം ഉണ്ടായിരുന്നു.