KeralaNEWS

കനത്ത മഴയില്‍ റോഡ് ടാര്‍ ചെയ്യാന്‍ ശ്രമം; നാട്ടുകാര്‍ സംഘടിച്ചതോടെ കരാറുകാരന്‍ മുങ്ങി

കൊച്ചി: കനത്ത മഴയില്‍ റോഡ് ടാര്‍ ചെയ്യാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കിഴക്കമ്പലം-നെല്ലാട് റോഡിലാണ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ഇതിനു പിന്നാലെ കനത്ത മഴ പെയ്യുന്നതിനിടെ ടാറിങ് നടത്താനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. 2.12 കോടി രൂപ റോഡിന്റെ അറ്റകുറ്റപ്പണിക്കായി അനുവദിച്ചെങ്കിലും ഒട്ടേറെ ഘട്ടങ്ങളിലായാണ് ടാറിങ് പലയിടങ്ങളിലും നടത്തിയത്.

പൂര്‍ണ തോതില്‍ ഒരിടത്തും ടാറിങ് പൂര്‍ത്തീകരിച്ചതുമില്ല. പല ഭാഗങ്ങളും ഇപ്പോഴും കുഴിയായി കിടക്കുന്ന സാഹചര്യമാണ്. അതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമരസമിതി പരാതിയുമായി പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സംഘം പരിശോധന നടത്തി പോയതിനു പിന്നാലെ മഴയെ അവഗണിച്ചും രാത്രിയില്‍ ടാറിങ് നടത്താന്‍ കരാറുകാരന്‍ ശ്രമിച്ചതോടെ തര്‍ക്കമായി.

നാട്ടുകാര്‍ സംഘടിച്ചതോടെ ടാറിങ് നടത്താതെ സ്ഥലം വിടുകയായിരുന്നു. 10 വര്‍ഷമായി തകര്‍ന്നു കിടക്കുന്ന റോഡിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കുഴിയാണ്. അടുത്തിടെ ടാറിങ് നടത്തിയ ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു. കരാറുകാരനെതിരെ വകുപ്പുതല നടപടികളൊന്നും സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്.

 

Back to top button
error: