മലപ്പുറം: ലെഗ്ഗിങ്സ് ധരിച്ചെത്തിയതിന്റെ പേരില്‍ അധ്യാപികയോട് പ്രധാന അധ്യാപിക മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സികെഎച്ച്എം ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്മിസ്ട്രസ് റംലത്തിനെതിരെ ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് (ഡിഇഒ) പരാതി നല്‍കിയത്. 2019 ലെ മിസിസ് കേരള ജേതാവ് കൂടിയാണ് സരിത രവീന്ദ്രന്‍.
യുപി ക്ലാസിലെ ഹിന്ദി അധ്യാപികയാണ് സരിത രവീന്ദ്രനാഥ്. രാവിലെ സ്‌കൂളിലെത്തിയ സരിത ഒപ്പിടുന്നതിനായി പ്രധാന അധ്യാപികയുടെ മുറിലെത്തിയതായിരുന്നു. ലഗ്ഗിങ്സ് ധരിച്ചെത്തിയ സരിതയെ കണ്ടപ്പോള്‍ അധ്യാപിക മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. വിദ്യാര്‍ത്ഥികള്‍ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാത്തത് സരിത ലഗ്ഗിങ്സ് ധരിക്കുന്നതുകൊണ്ടാണെന്ന് പ്രധാനാധ്യാപിക കുറ്റപ്പെടുത്തിയെന്ന് സരിത പരാതിയില്‍ പറയുന്നു.
കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് അവരോട് എങ്ങനെ പറയാന്‍ കഴിയും? നിങ്ങള്‍ ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ഇട്ടല്ലേ വരുന്നതെന്ന് പ്രധാനാധ്യാപികയായ റംലത്ത് ചോദിച്ചു. എന്നാലത് തമാശയായിട്ടേ താന്‍ എടുത്തുള്ളൂവെന്ന് സരിത പറഞ്ഞു. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോയെന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നും പ്രധാന അധ്യാപിക പറഞ്ഞതായി സരിത പരാതിപ്പെടുന്നു.
13 വര്‍ഷമായി അധ്യാപന ജോലി ചെയ്യുകയാണ്. അധ്യാപനത്തെക്കുറിച്ചോ അക്കാധമിക കാര്യങ്ങളെക്കുറിച്ചോ ഇതുവരെ തനിക്കെതിരെ പരാതി ഉയര്‍ന്നിട്ടില്ല. ഹെഡ്മിസ്ട്രസിനും അത്തരത്തിലൊരു പരാതിയില്ല. അദ്ധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ സംസാരിക്കുന്നത് അവഹേളിക്കലാണ്. മോശമായിട്ടല്ല താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേവേഷത്തില്‍ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. ജീന്‍സ് ധരിച്ചെത്തുന്ന പുരുഷ അദ്ധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളില്‍ വരാമെന്ന നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക വിഷമമുണ്ടാക്കിയെന്നും സരിത പറയുന്നു.
അതേസമയം, വിഷയത്തില്‍ പ്രധാനാധ്യാപികയായ റംലത്ത് പ്രതികരിച്ചിട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട് മേലധികാരികള്‍ സരിതയോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല.