തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിനിടെ പ്രദേശവാസിയും ഗര്‍ഭിണിയുമായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 50 ലധികം പേര്‍ക്കെതിരേ കേസ്. തുറമുഖ കവാടമായ മുല്ലൂരില്‍ ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെയാണ് സംഭവം. തുറമുഖ് വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ശനിയാഴ്ച മുല്ലൂരിലെ തുറമുഖ കവാടത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരെ, വിരുദ്ധചേരിയിലുള്ളവര്‍ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വീട്ടിനുള്ളില്‍ നിന്നു സ്ഥലവാസിയായ യുവതി മൊബൈലില്‍ ചിത്രീകരിച്ചു. ഇതു ശ്രദ്ധയില്‍പ്പെട്ട തുറമുഖ നിര്‍മാണ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ യുവതിയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് ഉള്ളില്‍ അതിക്രമിച്ചു കയറി. ജനാല ചില്ലുകള്‍ തകര്‍ത്ത ശേഷം യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. താന്‍ ഗര്‍ഭിണി ആണെന്നും ഉപദ്രവിക്കരുതെന്നും യുവതി കരഞ്ഞു കൊണ്ടു പറഞ്ഞെങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല.
സമരക്കാര്‍ അസഭ്യം വിളിക്കുകയും കല്ലെറിയും ചെയ്‌തെന്നും ഒഴിഞ്ഞ് മാറിയതിനാല്‍ കല്ലേറില്‍ പരുക്കേറ്റില്ലെന്നും യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വധശ്രമം, കലാപാഹ്വാനം, സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍, വീടിനുള്ളില്‍ അതിക്രമിച്ചു കടക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സമരക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. യുവതി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.