KeralaNEWS

ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദിയെന്ന് കെ.ടി ജലീല്‍, മന്ത്രി വി.അബ്ദുറഹിമാ‍നെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴ‍വെന്നും ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്

   ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ഫാദർ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍. ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദിയാണെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിക്കെതിരായ പരാമർശത്തിനെതിരെ വ്യാപക വിമർശനമുയർന്നതോടെ, സംഭവിച്ചത് നാക്കുപിഴ‍വാണെന്ന് ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ് കുറ്റസമ്മതം നടത്തി. പരാമർശം പിൻവലിക്കുന്നു എന്നും ഇതു നാക്കുപിഴ‍വാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനറായ ഫാ. ഡിക്രൂസ് പത്രക്കുറിപ്പിൽ അറിയിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുതെന്നും പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണമെന്നും ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

“ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുക്കണം. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്.
ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ”അഴകൊഴമ്പന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്.
പച്ചക്ക് വര്‍ഗ്ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം.
മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം.”

മന്ത്രി വി.അബ്ദുറഹിമാ‍നെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും ഇതു നാക്കുപിഴ‍വാണെന്നും വിഴിഞ്ഞം തുറമുഖ നിർമാണ വിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോ‍ഡേഷ്യസ് ഡിക്രൂസ്.
പ്രസ്താവന നിരുപാധികം പിൻവലിക്കുന്നതായും നാക്കുപിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു.

വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്മാന്റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമർശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾ കൈകോർത്ത് പ്രവർത്തിക്കേണ്ട അവസരത്തിൽ തന്റെ പ്രസ്താവന സമുദായങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മന്ത്രിമാർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ വർഗീയ അധിക്ഷേപം നടത്തിയെന്ന ഐഎൻഎല്ലിന്റെ പരാതിയിൽ തിരുവനന്തപുരം സിറ്റി കമ്മിഷണർ അന്വേഷണം നടത്തും. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കെതിരെ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നൽകിയത്.

Back to top button
error: