NEWSWorld

ലോകകപ്പില്‍നിന്ന് ഇറാന്‍ പുറത്ത്; പടക്കം പൊട്ടിച്ചും നൃത്തം ചവിട്ടിയും നാട്ടില്‍ ആഘോഷം!

ടെഹ്റാന്‍: ഖത്തര്‍ ലോകകപ്പില്‍ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയോട് തോറ്റ് സ്വന്തം രാജ്യം പുറത്തായത് ആഘോഷിച്ച് ഇറാന്‍ ജനത. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീം ലോകകപ്പില്‍ പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇംഗ്ലണ്ടിനെതിരേ നടന്ന ഓപ്പണിങ് മാച്ചില്‍ ഇറാന്‍ ഫുട്ബോള്‍ ടീം അംഗങ്ങള്‍ ദേശീയ ഗാനമാലപിക്കാതെ സര്‍ക്കാരിനെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. എങ്കിലും ടീം സര്‍ക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതല്‍ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്. വാഹനങ്ങളില്‍ ഹോണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളില്‍ നൃത്തം ചവിട്ടിയും ഇറാന്‍ ജനത ടീമിന്റെ തോല്‍വി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.

ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ 22 വയസുകാരിയായ മഹ്‌സ അമിനി സദാചാര പോലീസിന്റെ കസ്റ്റഡിയിലില്‍ മരിച്ചതോടെയാണ് ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തില്‍ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. അതേസമയം, മരണ സംഖ്യ പലമടങ്ങ് അധികമാണെന്നാണ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന പറയുന്നത്.

Back to top button
error: