KeralaNEWS

നാളീകേരത്തിന്റെ വൻ വിലത്തകര്‍ച്ചയില്‍ കേര കര്‍ഷകര്‍ നട്ടം തിരിയുമ്പോഴും ഇളനീര്‍ വില ഇരട്ടിയിലേറെ

  നാളീകേരത്തിന്റെ വിലത്തകര്‍ച്ചയില്‍ കേര കര്‍ഷകര്‍ നട്ടം തിരിയുമ്പോഴും ഇളനീര്‍ വില കുത്തനെ ഉയര്‍ന്നു തന്നെ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഇളനീരിന് 40 രൂപയിലേറെ നല്‍കി വാങ്ങി കുടിക്കുമ്പോഴാണ്, ഇയൊരു വിപണന സാധ്യതയുടെ വ്യാപ്തി കേരകര്‍ഷകരോ, കര്‍ഷക സംഘടനകളോ വേണ്ടവിധം ഉള്‍ക്കൊളളാത്തത്.
തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ലോഡുകണക്കിന് ഇളനീരാണ് കേരം തിങ്ങിയ നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. വെളളം കൂടുതല്‍ ഉണ്ടാവും എന്നല്ലാതെ, നാട്ടിന്‍ പുറങ്ങളില്‍ കിട്ടുന്ന ഇളനീര്‍ വെളളത്തിന്റെ രുചിയോ, ഗുണമോ ഇല്ലാത്തതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്നത്. എന്നാലും അമിത വില നല്‍കി വാങ്ങി കുടിക്കുകയാണ് നാം ചെയ്യുന്നത്. ഇതിനൊരു പരിഹാരം, പ്രധാന നഗരങ്ങളിലും, ദേശീയ പാതയോരങ്ങളിലും നാടന്‍ ഇളനീര്‍ പാര്‍ലറുകള്‍ വ്യാപകമായി തുടങ്ങുക എന്നതാണ്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രി യൂണിറ്റുകളും മുന്നോട്ട് വന്നാല്‍ കേര കര്‍ഷകര്‍ക്കും അതു കൊണ്ട് പ്രയോജനമുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, പാര്‍ക്കുകള്‍, വിദ്യാലയങ്ങള്‍ എന്നിവയുടെ സമീപത്തായി ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രിയും മുന്നോട്ടു വരണം.

നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ഇളനീര്‍ സംഭരിക്കാനുളള പ്രയാസമാണ് വ്യാപാരികള്‍ ചൂണ്ടികാട്ടുന്ന പ്രധാന പ്രശ്നം. തെങ്ങില്‍ നിന്ന് ഇളനീര്‍കുലകള്‍ വെട്ടിയിട്ടാല്‍ താഴെ വീണു പൊട്ടിച്ചിതറും. ഇതിന് പരിഹാരമായി കയറില്‍കെട്ടി താഴ്ത്തുകയാണ് വേണ്ടത്. ഇതിന് അധ്വാനം കൂടുതലായതിനാല്‍ തെങ്ങു കയറ്റ തൊഴിലാളികളോ കേര കര്‍ഷകരോ ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുക്കാറില്ല. വിപണന സാധ്യത കൂടുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്താല്‍ ഇളനീര്‍ സംഭരണം ഗ്രാമീണ മേഖലകളിലും വര്‍ദ്ധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇളനീര്‍ സംഭരിക്കാനായി മാത്രം വെച്ചു പിടിപ്പിക്കുന്ന കുളളന്‍ തെങ്ങുകളുണ്ട്. ഈ കൃഷി രീതി ഇവിടെയും വ്യാപകമാക്കേണ്ടതുണ്ട്.
വേനല്‍ക്കാലമാവുന്നതോടെ ഇളനീരിന്റെ ഉപഭോഗം കൂടി വരും. ഈ സാധ്യത മുന്നില്‍ കണ്ട് ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ വ്യാപകമാക്കുകയാണ് വേണ്ടത്. ക്ഷീണമകറ്റാനും ഉന്മേഷവും പ്രസരിപ്പും, പ്രതിരോധ ശേഷിയും കൂട്ടാനും ഇളനീര്‍ കുടിക്കുന്നതിലൂടെ സാധ്യമാകും.

Back to top button
error: