NEWSWorld

അമേരിക്കൻ യാത്രയ്ക്ക് ഇനി വർഷങ്ങൾ കാത്തിരിക്കണം, വിസ ലഭിക്കാൻ 3 വർഷം

ന്യൂഡെൽഹി: സന്ദർശക വിസയിലും (ബി 1- ബിസിനസ്), ടൂറിസ്റ്റ് വിസയിലും (ബി 2-ടൂറിസ്റ്റ്) അമേരിക്ക സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ ഏകദേശം മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടിവരും. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ഇന്ത്യൻ അപേക്ഷകരുടെ കാത്തിരിപ്പ് സമയം 961 ദിവസമാണ്. കേരളീയർക്ക് 904 ദിവസമാണ് കാത്തിരിപ്പ്. മുംബൈയിൽ താമസിക്കുന്നവർക്ക് കാത്തിരിപ്പ് സമയം 999 ദിവസവും ഹൈദരാബാദിൽ 994 ദിവസവുമാണ്. ചെന്നൈ നിവാസികൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ 948 ദിവസം വേണ്ടി വരും.

ജീവനക്കാരുടെ എണ്ണവും ജോലിഭാരവും അനുസരിച്ച് കാത്തിരിപ്പ് സമയം വ്യത്യാസപ്പെടാമെന്നതിനാൽ ഇത് ഒരു ഏകദേശ കണക്കാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. അമേരിക്കൻ വിസയ്‌ക്ക് ദീർഘകാലം കാത്തിരിക്കേണ്ടിവരുന്ന പ്രശ്‌നം ഇന്ത്യ കുറെകാലമായി ഉയർത്തുന്നുണ്ട്. ഇതിന് മറുപടിയായി പ്രഥമ പരിഗണന ഇന്ത്യയ്ക്കാണെന്ന് അമേരിക്ക പറയുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല.

സെപ്റ്റംബറിൽ യു.എസ് സന്ദർശിച്ച വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, വിസ അപേക്ഷകൾ കാത്ത് കിടക്കുന്നത് സംബന്ധിച്ച വിഷയം അമേരിക്കൻ സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി ചർച്ച ചെയ്തിരുന്നു. അതേസമയം ലോകമെമ്പാടും തങ്ങൾ സമാനമായ സാഹചര്യം അഭിമുഖീകരിക്കുന്നുണ്ടെന്നും കോവിഡ് കാരണം ഉയർന്നുവന്ന വെല്ലുവിളിയാണെന്നും ഉന്നത അമേരിക്കൻ നയതന്ത്രജ്ഞൻ പറഞ്ഞു

യു.എസ് എംബസിയിലെ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 2023 വേനൽക്കാലത്തോടെ യു.എസ് വിസകൾ നൽകുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് കുറയുമെന്നാണ് കണക്കാക്കുന്നത്. വിസ അപേക്ഷകളുടെ എണ്ണം ഏകദേശം 1.2 ദശലക്ഷത്തിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യു.എസ് വിസക്കായി ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ ഗണ്യമായി കുതിച്ചുയരുന്നു.

Back to top button
error: