IndiaNEWS

മംഗളൂരു സ്‌ഫോടനത്തിനു ട്രയല്‍ നടത്തി; ഷാരിഖ് കൊയമ്പത്തൂരിലെ ‘ചാവേറു’മായി കൂടിക്കാഴ്ച നടത്തി

കോയമ്പത്തൂര്‍: മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും സംഘവും സ്‌ഫോടനത്തിനു മുമ്പ് ശിവമോഗയില്‍ ട്രയല്‍ നടത്തിയതായി കര്‍ണാടക പോലീസ്. വനമേഖലയിലാണ് പ്രഷര്‍ കുക്കര്‍ ബോംബിന്റെ ട്രയല്‍ നടത്തിയതെന്നും സി.എ.എ, ഹിജാബ് പ്രതിഷേധങ്ങള്‍ ആളിക്കത്താന്‍ ഇവര്‍ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചെന്നും ഇതിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് കരുതുന്നയാള്‍ ഇപ്പോള്‍ യു.എ.ഇയിലേക്ക് കടന്നതായി വിവരം ലഭിച്ചെന്നും അന്വേഷണ സംഘം സൂചന നല്‍കി.

കോയമ്പത്തൂരിലും മംഗളൂരുവിലും ഹിന്ദുപേരുകളിലാണ് ഷാരിഖ് താമസിച്ചതെന്നും തിരിച്ചറിയാതിരിക്കാന്‍ താടി ഉപേക്ഷിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കര്‍ണാടക ആഭ്യന്തരമന്ത്രി അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇതിനിടെ ഷാരിഖിന്റെ ബന്ധുവീടുകളില്‍ അടക്കം 18 ഇടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തി. മംഗളൂരുവിലും മൈസൂരുവിലുമുള്ള വീടുകളിലാണ് ഇന്നു പരിശോധന നടന്നത്.

Signature-ad

ശിവമോഗയില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു. ഷാരിഖ് സന്ദര്‍ശിച്ച തിരുച്ചിറപ്പള്ളി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ ഇയാളുടെ സഹായികളെ കണ്ടെത്താനും ശ്രമം തുടങ്ങി. കോയമ്പത്തൂരില്‍ ഷാരിഖിനു സിം കാര്‍ഡ് എടുത്തു നല്‍കിയ ഊട്ടിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ സുരേന്ദ്രനെ തുടര്‍ച്ചയായ മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. സ്‌ഫോടനത്തില്‍ പരുക്കേറ്റ ഷാരിഖ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതിനിടെ, കാര്‍ സ്‌ഫോടനക്കേസിലെ പ്രതികളെ മംഗളുരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ നീക്കം തുടങ്ങി. കാര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമേഷ മുബിനും മംഗളൂരു പ്രഷര്‍ കുക്കര്‍ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഷാരിഖും കൂടിക്കാഴ്ച നടത്തിയെന്നു സ്ഥിരീകരിച്ചതിനു പിറകെയാണു നീക്കം. സ്‌ഫോടനത്തിനു സാമ്പത്തിക സഹായം ചെയ്തുവെന്നു കരുതുന്ന ശിവമോഗ സ്വദേശിക്കായി എന്‍.ഐ.എ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.

കോയമ്പത്തൂരിലെ ശിരിങ്കനെല്ലൂരിലാണ് കൊല്ലപ്പെട്ട ജമേഷ മുബിനും മുഹമ്മദ് ഷാരിഖും കണ്ടുമുട്ടിയതെന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്നു. സെപ്റ്റംബറിലും ഒക്ടോബറിലും കോയമ്പത്തൂരിലെത്തിയ ഷാരിഖ് ഗാന്ധിനഗറിലെ ഡോര്‍മിറ്ററിയില്‍ മൂന്നുദിവസം താമസിച്ചിരുന്നു. ഈ ഡോര്‍മിറ്ററി പോലീസ് പൂട്ടി സീല്‍ ചെയ്തു.

Back to top button
error: