KeralaNEWS

എന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കില്‍ ബലൂണ്‍ പൊട്ടിക്കാനുള്ള സൂചി തരാം: തിരിച്ചടിച്ച് തരൂര്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താക്കീത് തള്ളി ശശി തരൂര്‍ എം.പി. വിഭാഗീയ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന് കേള്‍ക്കുമ്പോള്‍ വിഷമമുണ്ടെന്ന് പറഞ്ഞ തരൂര്‍ തനിക്ക് ആരേയും ഭയമില്ലെന്നും കൂട്ടിച്ചേര്‍ത്തു. മലബാര്‍ പര്യടനത്തിനിടെ കണ്ണൂരില്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിലെ ‘മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍’ പ്രയോഗത്തെ പരിഹസിക്കാനും അദ്ദേഹം പറന്നില്ല. ”എന്തുകൊണ്ടാണ് നിങ്ങള്‍ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങള്‍ ബലൂണ്‍ ഊതാനല്ല വന്നത്, അതേയോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

”അനാവശ്യ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നത് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കിക്കോളൂ. രാവിലെ എണീറ്റ് പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പം. അതുകഴിഞ്ഞ് ഡി.സി.സി അധ്യക്ഷനെ കണ്ട് ഓഫീസില്‍ കുറച്ചു നേരം ഇരുന്നു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സ്ഥാപിച്ച സിവില്‍ സര്‍വീസ് അക്കാദമിയില്‍, വിദ്യാര്‍ഥികളോടൊപ്പം ചര്‍ച്ച ചെയ്തു. അതുകഴിഞ്ഞ് പോയത് മഹിളാ കോളേജില്‍. മഹിളാ ശാക്തീകരണത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. ശേഷം മാതൃഭൂമിയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു, ആഗോള മലയാളികളെക്കുറിച്ചായിരുന്നു സംസാരം. ഇതിനിടയില്‍ നവമി ആഘോഷിച്ച എം.ജി.എസ്. നാരായണന്‍, മുന്‍ മന്ത്രി സിറിയക് ജോണ്‍ എന്നിവരെ കണ്ടത് ബഹുമാനത്തോടെയാണ്. എല്ലാമാസവും കോഴിക്കോട് കാണില്ലല്ലോ. വരുമ്പോള്‍ കാണാന്‍ എത്തുന്നത് സ്വാഭാവികമാണ്. ഇതിനിടയില്‍ കാന്തപുരം മുസ്ലിയാരുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി. എ.പി. മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ നടത്തിയ അനുസ്മരണ പരിപാടിയിലും പ്രസംഗിച്ചു.

ഇതില്‍ എന്താണ് വിഭാഗീയ പ്രവര്‍ത്തനം എന്ന് എനിക്കറിയണം. ഏതാണ് ഞാനും രാഘവനും പറഞ്ഞ വാക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളില്‍ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങള്‍ക്ക് അതാണ് ആവശ്യമെങ്കില്‍ ഞാന്‍ തന്നെ സൂചി തരാന്‍ തയ്യാറാണ്”- അദ്ദേഹം പറഞ്ഞു.

”പതിനാലാമത്തെ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ ഞാന്‍ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാന്‍ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിര്‍പ്പില്ല. ആരേയും ഭയമില്ല അവര്‍ എന്റെ കൂടെ അതുപോലെ ഇരുന്നാല്‍ സന്തോഷം” തരൂര്‍ പറഞ്ഞു.

നേരിട്ട വിഷമം എഐസിസിയെ അറിയിക്കുമോ എന്ന ചോദ്യത്തിന്, ”ചോദിച്ചാല്‍ അല്ലേ അറിയിക്കേണ്ട ആവശ്യമുള്ളൂ. എനിക്കൊരു പരാതിയും ഇല്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ശശി തരൂരിനെ ആരെങ്കിലും ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതെനിക്കറിയണം, അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരോടും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: