KeralaNEWS

ആളുകളെ വിലകുറച്ചുകണ്ടാല്‍ മെസിക്ക് പറ്റിയതുതന്നെ പറ്റും; തരൂര്‍ വിഷയത്തില്‍ സതീശന്റെ പോസ്റ്റിലേക്ക് മുരളിയുടെ ‘കിക്ക്’

കോഴിക്കോട്: ശശി തരൂര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ. മുരളീധരന്‍. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയതയ്ക്കെതിരായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന തരൂരിന് കോണ്‍ഗ്രസിലെ ചിലരുടെ ഇടപെടല്‍കൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാര്‍ത്ത വന്നിരുന്നുവെങ്കില്‍ അത് കോണ്‍ഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാര്‍ നടത്തി. കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ അദ്ദേഹം വ്യക്തമായി സംസാരിച്ചു.

ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മള്‍ ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോവേണ്ടെന്നും ബലൂണ്‍ ചര്‍ച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

പൊതുവേദികളില്‍ പങ്കെടുക്കാന്‍ എല്ലാ എം.പിമാര്‍ക്കും അവകാശമുണ്ട്. മലപ്പുറത്തെത്തുമ്പോള്‍ പാണക്കാട് തങ്ങളെ എല്ലാ കോണ്‍ഗ്രസുകാരും കാണാറുണ്ട്. യു.ഡി.എഫിന്റെ ഘടകക്ഷി നേതാവും ആത്മീയ നേതാവുമാണ് തങ്ങള്‍. രാഷ്ട്രീയ നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചര്‍ച്ച ചെയ്യുക. പാര്‍ട്ടിയും മുന്നണിയും എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ പറഞ്ഞു.

 

 

 

Back to top button
error: