KeralaNEWS

കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചു; റേഷന്‍ കട ശനിയാഴ്ച മുതല്‍ അടച്ചിടും

തിരുവനന്തപുരം: പതിനാലായിരത്തിലേറെ റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചു. മന്ത്രിമാര്‍ക്കും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും ലക്ഷങ്ങള്‍ മുടക്കി പുത്തന്‍ കാറുകള്‍ വാങ്ങാന്‍ ഉത്തരവിറക്കി ദിവസങ്ങള്‍ക്കകമാണു റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ തുക വെട്ടിക്കുറച്ചു സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഉത്തരവിറക്കിയത്.

കമ്മിഷന്‍ ഇനത്തില്‍ 29.51 കോടി രൂപയാണ് ഒക്ടോബറില്‍ നല്‍കാനുള്ളത്. ഇതില്‍ 49% കുറച്ച് 14.46 കോടി മാത്രമാണു ധനവകുപ്പ് അനുവദിച്ചതെന്നും അതിനനുസരിച്ചു മാത്രമേ കമ്മിഷന്‍ നല്‍കാനാകൂ എന്നും കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു. വ്യാപാരികള്‍ക്കു കമ്മിഷന്‍ ഈ വ്യവസ്ഥയില്‍ നല്‍കാന്‍ ജില്ലാ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തി.

Signature-ad

ഒരു സാധാരണ റേഷന്‍ വ്യാപാരിക്കു 18,000 രൂപയാണു പ്രതിമാസ കമ്മിഷന്‍. ഇതില്‍ നിന്നു വേണം കടവാടക, 5% ആദായ നികുതി, വൈദ്യുതി നിരക്ക്, സെയില്‍സ്മാന്റെ വേതനം, ക്ഷേമനിധി ബോര്‍ഡ് വിഹിതം, വകുപ്പ് തന്നെ ചുമത്തുന്ന പിഴകള്‍ എന്നിവ വ്യാപാരി നല്‍കേണ്ടത്. എല്ലാ മാസവും 5ന് മുന്‍പ് മുന്‍ മാസത്തെ കമ്മിഷന്‍ നല്‍കാമെന്നാണു സര്‍ക്കാര്‍ വാഗ്ദാനമെങ്കിലും ഏതാനും മാസങ്ങളായി മാസത്തിന്റെ പകുതിയിലോ അവസാനത്തിലോ ആണു തുക നല്‍കുന്നത്. മുഴുവന്‍ കമ്മിഷനും നല്‍കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിലേക്കു നീങ്ങാനാണ് ആലോചിക്കുന്നത്.

കമ്മിഷന്‍ തുക പകുതിയിലേറെ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്കു റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു.

 

Back to top button
error: