KeralaNEWS

ശബരിമലയുടെ പിൻകോഡ് അറിയാമോ ?

പത്തനംതിട്ട: ശബരിമലയിൽ പോകാതെ തന്നെ അയ്യപ്പസ്വാമിയോട് സങ്കടവും സന്തോഷവുമൊക്കെ പങ്ക് വയ്ക്കണോ? വഴിയുണ്ട്.689713- എന്ന പിൻകോഡിൽ കത്തയച്ചാൽ മതി.മണ്ഡല മകര വിളക്ക് കാലത്തു മാത്രമേ സാധിക്കൂ എന്ന് മാത്രം.

 689713-ഇതാണ് സാക്ഷാല്‍ ശ്രീ ശബരിമല  അയ്യപ്പ സ്വാമിയുടെ പിന്‍കോഡ്.അല്ലെങ്കിൽ സന്നിധാനം തപാല്‍ ഓഫീസിന്റെ പിന്‍കോഡ്. വര്‍ഷത്തില്‍ രണ്ടു മാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക.മണ്ഡല മകര വിളക്ക് കാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും.

 

Signature-ad

സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല.

 

ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് മണ്ഡലകാലത്ത് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

 

ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറുകളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്.ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെതന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെയും വരുന്നത്.

 

1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്.

 

 

വിവിധ കമ്ബനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.

Back to top button
error: