സോള്‍: ലോകത്തിനു മുന്നില്‍ ആദ്യമായി മകളോടൊപ്പം പൊതുവേദിയിലെത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിനു സാക്ഷ്യം വഹിക്കാനാണ് കിം മകള്‍ക്കൊപ്പമെത്തിയത്. സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കുന്ന കിമ്മിന്റെ നടപടി രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കി.
ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് കിം മകള്‍ക്കൊപ്പം എത്തുന്ന ചിത്രം പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. ചടങ്ങില്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര കൊറിയന്‍ ഭരണം കൈയാളുന്ന കിം കുടുംബത്തിന്റെ നാലാം തലമുറ പ്രതിനിധിയാണ് കിം ജോങ് ഉന്നിന്റെ മകള്‍. മകളുമായി കിം പൊതുവേദിയില്‍ എത്തിയതിന് പ്രാധാന്യം ഏറെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.