റാസൽഖൈമ: ബാങ്കിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണവുമായി അക്കൗണ്ടന്റ് മുങ്ങി. യുഎഇയിലെ റാസൽഖൈമയിലാണ് സംഭവം. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാനായി അക്കൗണ്ടന്റിന്റെ പക്കൽ 25,350 ദിർഹം ഏൽപ്പിച്ചതായും എന്നാൽ ഈ പണവുമായി അക്കൗണ്ടന്റ് കടന്നു കളഞ്ഞെന്നും പണം തിരികെ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനിയുടെ മാനേജർ കേസ് ഫയൽ ചെയ്തു.
കരാർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന 36കാരനായ അക്കൗണ്ടന്റിനെതിരെയാണ് കേസ് നൽകിയത്. പണവുമായി മുങ്ങിയ അക്കൗണ്ടന്റ് മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറുകയും ചെയ്തു. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് മാനേജർ അക്കൗണ്ടന്റിനെ സമീപിച്ചെങ്കിലും ഫലം കാണാത്തതിനാൽ കേസ് കോടതിയിലെത്തുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി അക്കൗണ്ടന്റ് പണം കൈപ്പറ്റിയെന്ന രേഖ ഹർജിക്കാരിയായ സ്ഥാപന ഉടമ കോടതിയിൽ സമർപ്പിച്ചിരുന്നു. ശമ്പളം ലഭിക്കാനുള്ള ജീവനക്കാരുടെ പേരും തുകയും പരാതിക്കാരിയായ സ്ഥാപന ഉടമ കോടതിയിൽ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച റാസൽഖോമ പാർഷ്യൽ സിവിൽ കോടതി, ഇരുഭാഗത്തെയും വാദം കേട്ട ശേഷം അക്കൗണ്ടന്റ് 25,350 ദിർഹം സ്ഥാപന ഉടമയ്ക്ക് നൽകണമെന്ന് വിധിച്ചു. കൂടാതെ കോടതി ചെലവുകളും ഇയാൾ വഹിക്കണം.