കൊല്‍ക്കത്ത: കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സി.വി ആനന്ദ ബോസിനെ ബംഗാള്‍ ഗവര്‍ണര്‍ ആയി നിയമിച്ച കേന്ദ്ര നടപടിയില്‍ സംസ്ഥാനത്ത ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ അതൃപ്തി. സംസ്ഥാനവുമായി ഒരു കൂടിയാലോചനയും ഇല്ലാതെയാണ് കേന്ദ്ര നടപടിയെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് സുഗത റോയ് കുറ്റപ്പെടുത്തി.
എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് പാര്‍ട്ടി വക്താവ് സുഗത റോയ് പറഞ്ഞു. ഇങ്ങനെയൊരു ഐ.എ.എസ് ഓഫിസറെ താന്‍ കേട്ടിട്ടുപോലുമില്ലെന്ന്, ആനന്ദബോസിനെ പരാമര്‍ശിച്ച് സുഗത റോയ് പറഞ്ഞു.
അതേസമയം, ആനന്ദബോസിനെ നിയമിച്ചതില്‍ തൃണമൂല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആനന്ദബോസിന്റെ നിയമനം രാഷ്ട്രപതിഭവന്‍ പുറത്തുവിടുന്നതിനു മുമ്പു തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറിയിച്ചിരുന്നെന്നാണ് വിവരം. മമത ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
സംസ്ഥാനവുമായി കൂടിയാലോചിച്ചില്ലെന്ന സുഗത റോയിയുടെ വാദം പൊള്ളയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും സംസ്ഥാനവുമായി കൂടിയാലോചിച്ചു നടത്താനാവില്ല. രാഷ്ട്രപതിയെ നിയമിക്കാന്‍ വരെ തങ്ങളോട് ആലോചിക്കണം എന്നാണ് തൃണമൂല്‍ നേതാക്കള്‍ കരുതുന്നതെന്ന് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് പരിഹസിച്ചു.