കൊച്ചി: പനമ്പള്ളി നഗറില്‍ മൂടിയില്ലാത്ത കാനയില്‍ മൂന്നു വയസ്സുകാരന്‍ വീണ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിന്റെ വിശദാംശം തേടിയ കോടതി, ഇന്ന് ഉച്ചയ്ക്ക് 1.45 വിഷയം പരിഗണിക്കും. മൂടിയിട്ടില്ലാത്ത കാനകളെക്കുറിച്ചു പഠിക്കുന്നതിനു ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുള്ള അമിക്കസ് ക്യൂറി ഇന്നുണ്ടായ സംഭവം കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
നേരത്തേ തന്നെ കാനകള്‍ മൂടാതെ കിടക്കുന്നതിനെതിരെ കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിനാല്‍, വിഷയത്തില്‍ കോടതി നിര്‍ണായക പരാമര്‍ശം നടത്തിയേക്കും. ഇന്നലെ ഉച്ചയോടെയാണ് അമ്മയ്‌ക്കൊപ്പം നടന്നു പോകുമ്പോള്‍ പനമ്പള്ളി നഗറിലെ കാനയിലേയ്ക്കു കുട്ടി വീണത്.
അമ്മയുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഒഴുക്കുള്ള കാനയിലൂടെ ഒഴുകിപ്പോകാമായിരുന്നിടത്ത് കാലുകൊണ്ട് തടഞ്ഞു നിര്‍ത്തി ബഹളം വച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.