ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ രംഗത്തിറക്കി ബി.ജെ.പി. 20 വര്‍ഷത്തിനിടെ ആദ്യമായാണ് പാര്‍ട്ടി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്നത്. വ്യാരാ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ പ്രാദേശിക നേതാവ് മോഹന്‍ കൊങ്കണിയെയാണ് ബി.ജെ.പി കളത്തിലിറക്കുന്നത്. ബി.ജെ.പിയുടെ നീക്കം കൃത്യമായ കണക്ക് കൂട്ടലോടെയാണ്.
ആസിവാസി വിഭാഗക്കാര്‍ക്ക് മേല്‍ക്കൈയുള്ള വ്യാര മണ്ഡലത്തിലെ 2.23 ലക്ഷം വോട്ടര്‍മാരില്‍ 45 ശതമാനവും ക്രിസ്ത്യാനികളാണ്. ഇതിന് പുറമേ ഈ മണ്ഡലം സ്ഥിരമായി കോണ്‍ഗ്രസാണ് കുത്തകയാക്കി വച്ചിരിക്കുന്നത്. ഇവിടെനിന്നു നാല് തവണ എം.എല്‍.എയായ കോണ്‍ഗ്രസ് നേതാവ് പുനാജി ഗാമിത്താണ് കൊങ്കണിയുടെ എതിരാളി. സംസ്ഥാനത്തെ 182 മണ്ഡലങ്ങളില്‍ 27 എണ്ണം പട്ടികവര്‍ഗ സംവരണമാണ്. ഇതില്‍ എട്ടെണ്ണം ക്രിസ്ത്യന്‍ ഭൂരിപക്ഷമാണ്. പരമ്പരാഗതമായി ക്രിസ്ത്യന്‍ വിഭാഗം ബി.ജെ.പിയോട് പുലര്‍ത്തുന്ന എതിര്‍പ്പ് 2007 മുതല്‍ കുറഞ്ഞു വരുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ കൊങ്കണിയിലൂടെ ഇത് കൂടുതല്‍ അനുകൂമാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
സാമൂഹിക പ്രവര്‍ത്തകനും, കര്‍ഷകനുമായ കൊങ്കണി 1995 മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടി അംഗമാണ്. 2015 ലെ താപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ ഇദ്ദേഹം പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുടെ സ്വന്തം തട്ടകമായ ഗുജറാത്ത് എന്തു വിലകൊടുത്തും നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. 27 വര്‍ഷത്തെ ഭരണ വിരുദ്ധ വികാരം മറികടക്കുക എന്ന വെല്ലുവിളിയാണ് ബി.ജെ.പിക്കു മുന്നില്‍ പ്രധാനം. കോണ്‍ഗ്രസിനു പുറമേ ആം ആദ്മി പാര്‍ട്ടിയും ഇത്തവണ ശക്തമായ മത്സമാണ് കാഴ്ചവയ്ക്കുന്നത്.