‘തിങ്കളാഴ്‍ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് സെന്ന ഹെഗ്‍ഡെ. നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയ ‘തിങ്കളാഴ്‍ച നിശ്ചയ’ത്തിന് ശേഷം സെന്ന ഹെഗ്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1744 വൈറ്റ് ആൾട്ടോ’. അതുകൊണ്ടുതന്നെ പ്രഖ്യാപനം തൊട്ടേ ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രസിപ്പിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന് വ്യക്തമായ സൂചനകളുമായി ‘1744 വൈറ്റ് ആൾട്ടോ’യുടെ ട്രെയിലർ പുറത്തുവിട്ടു.
മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ നല്‍കുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ‘വിജയൻ’ എന്ന സാധാരണക്കാരന്റേതാണ് ആ കാര്‍. ഈ കാര്‍ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്.
ഷറഫുദ്ദീന്‍റെ നായക കഥാപാത്രം, പൊലീസ് ഓഫീസർ ‘മഹേഷും’ മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങൾ നർമത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ചിത്രം പറയുന്നു. കാഞ്ഞങ്ങാട് പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കബിനി ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യന്‍, സ്‍മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 18ന് ആണ് ചിത്രത്തിന്റെ റിലീസ്. സെന്ന ഹെഗ്‍ഡെ ചിത്രം തിയറ്റര്‍ റിലീസാണ്. ഡ്രീം ബിഗ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ പിആർഒ ശബരി ആണ്.