NEWS

കേരളം ഫുട്ബോൾ പ്രേമികളുടെ നാട്; പുള്ളാവൂരിലെ കട്ടൗട്ടുകളെ പ്രശംസിച്ച ഫിഫയ്ക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പുള്ളാവൂരിലെ ഫുട്‌ബോൾ സൂപ്പർ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവെച്ച ഫിഫയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തർ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാൽപന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
‘ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തിൽ പടർന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂർ പുഴയിലെ ചിത്രം പങ്കുവെച്ചത്. ടൂർണമെന്റിന് മുൻപ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും ഭീമൻ കട്ടൗട്ടുകൾ ഉൾനാടൻ ഗ്രാമത്തിൽ ഉയർന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകൾ കീഴെ പുഴയിൽ ഇറങ്ങി നിന്ന് അർജന്റീന, പോർച്ചുഗൽ, ബ്രസീൽ ആരാധകർ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.

Back to top button
error: