LIFEMovie

ഗോവിന്ദ് വസന്ത ഈണമിട്ട വണ്ടർ വിമെനിലെ ഹിന്ദി ഗാനം പുറത്ത്

ഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വണ്ടർ വിമെനിലെ വീഡിയോ സോംഗ് പുറത്തെത്തി. ഹിന്ദിയിലുള്ള ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നൈന ഝാരോകെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അഞ്ജലി മേനോനും അഗ്യത്‍മിത്രയും ചേർന്നാണ്. കീർത്തന വൈദ്യനാഥനും ഗോവിന്ദ് വസന്തയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടർ വിമെൻ. നദിയ മൊയ്തു, നിത്യ മേനൻ, പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2018 ൽ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങൾ.

ആർഎസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോൺ എൻറർടെയ്ൻ‍മെൻറ് എന്നീ ബാനറുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോൻ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് അവസാനം ഇട്ടുകൊണ്ട് തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബി​ഗ് സ്ക്രീനിൽ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നതെന്ന് അഞ്ജലി പറഞ്ഞിരുന്നു.

ഏറെ വ്യത്യസ്തമായ പ്രൊമോഷനോടെയായിരുന്നു ഇത്തരത്തിൽ ഒരു ചിത്രം വരുന്നതായ സൂചന അണിയറക്കാർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഒരു പ്രഗ്നൻസി ഡിറ്റക്ഷൻ കിറ്റിൻറെ ചിത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന ക്യാപ്ഷനും എല്ലാവരും ചിത്രത്തിനൊപ്പം ചേർത്തിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ഈ പോസ്റ്റുകൾക്കു പിന്നാലെ ഇത് അഞ്ജലി മേനോൻ ചിത്രത്തിൻറെ പ്രൊമോഷൻ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.

Back to top button
error: