വ്യത്യസ്‍തത നിറഞ്ഞ പ്രമേയങ്ങളാണ് ഇന്ത്യൻ സിനിമയിൽ മലയാളത്തെ എന്നും വേറിട്ടു നിർത്തിയത്. താരാധിപത്യമുണ്ടായിരുന്ന ഒരു ദീർഘകാല ഇടവേളയ്ക്കു ശേഷം മലയാളത്തിൽ വീണ്ടും അത്തരം ചിത്രങ്ങൾ നിരനിരയായി എത്തുകയാണ്. അവ പ്രേക്ഷകർ സ്വീകരിക്കുന്നു എന്നത് സിനിമാ മേഖലയ്ക്ക് വലിയ ഉണർവ്വ് ആണ് പകരുന്നത്. ഇപ്പോഴിതാ ആ നിരയിലേക്ക് എത്തുകയാണ് 1744 വൈറ്റ് ആൾട്ടോ എന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായെത്തി പ്രേക്ഷകശ്രദ്ധ നേടിയ സെന്ന ഹെഗ്‍ഡേ ആണ് ഈ ചിത്രത്തിന്റെ സംവിധാനം.
മലയാളികൾ ഇതുവരെ കണ്ടുപരിചയിക്കാത്ത കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും പോകുന്ന സിനിമയായിരിക്കും ഇതെന്നാണ് അണിയറക്കാർ നൽകുന്ന ഉറപ്പ്. വെള്ള നിറത്തിലുള്ള ഒരു ആൾട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. വിജയൻ എന്ന സാധാരണക്കാരന്റേതാണ് ആ കാർ. ഈ കാർ രണ്ട് കള്ളന്മാരുടെ കയ്യിൽച്ചെന്ന് പെടുന്നതും അതേത്തുടർന്ന് ഉണ്ടാകുന്ന ആശയകുഴപ്പങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ഷറഫുദ്ദീൻറെ നായക കഥാപാത്രം, പൊലീസ് ഓഫീസർ മഹേഷും മറ്റ് സംഘവും തമ്മിലുള്ള രസകരമായ സംഭവങ്ങൾ നർമത്തിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും ചിത്രം പറയുന്നു.
കാഞ്ഞങ്ങാട് പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കബിനി ഫിലിംസിന്റെ ബാനറിൽ മൃണാൾ മുകുന്ദൻ, ശ്രീജിത്ത് നായർ, വിനോദ് ദിവാകർ എന്നിവർ ചേർന്ന് നിർമിച്ച സിനിമ നവംബർ 18ന് തിയേറ്ററിലെത്തും. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.