ലോകമെമ്പാടും യുവാക്കളിൽ പ്രമേഹം പിടിപെടുന്നവരുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുള്ള യുവാക്കൾക്ക് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കാജനകമായ പ്രവണതയാണിത്. യുകെയിൽ പ്രമേഹം കണ്ടെത്തിയ 40 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 2016-17 ൽ ഏകദേശം 120,000 ആയിരുന്നത് 2020-21ൽ 148,000 ആയി 23 ശതമാനമായി ഉയർന്നതായി ഡയബറ്റിസ് യുകെയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് യുവാക്കളിൽ പ്രമേഹം 40 വയസ്സിനു മുകളിലുള്ളവരേക്കാൾ വേഗത്തിൽ വർദ്ധിക്കുന്നു എന്നാണ്.
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പൊണ്ണത്തടി, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഈ വർദ്ധനവിന് കാരണമാകുന്ന ഘടകങ്ങളെന്ന് പഠനങ്ങൾ പറയുന്നു. 40 വയസ്സിന് മുമ്പുള്ള പ്രമേഹത്തെ നേരത്തെയുള്ള ടൈപ്പ് 2 പ്രമേഹം എന്ന് വിളിക്കുന്നു. സാധാരണയായി മധ്യവയസ്സിലോ വാർദ്ധക്യത്തിലോ കൂടുതലായി കാണപ്പെടുന്ന രോഗമാണിത്. കുട്ടികൾ, കൗമാരക്കാർ, അവരുടെ 20-30 വയസ്സ് പ്രായമുള്ളവർ ഇവരിൽ പ്രമേഹം കൂടുതലായി വികസിക്കുന്നു. രോഗലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്നു. കാരണം ആളുകൾ അവരുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ പ്രമേഹ രോഗനിർണയം പ്രതീക്ഷിക്കുന്നില്ല.
‘ ടൈപ്പ് 2 പ്രമേഹം ചെറുപ്പക്കാരിൽ കണ്ടുവരുന്നു. ടൈപ്പ് 2 പ്രമേഹം കുട്ടികളിൽ പോലും ഞങ്ങൾ കണ്ടിട്ടുണ്ട്. സാധാരണ ടൈപ്പ് 2 പ്രമേഹത്തിൽ നിന്നുള്ള പ്രധാന വ്യത്യാസം ചെറുപ്പത്തിൽ നിങ്ങൾക്ക് പ്രമേഹം വരാൻ സാധ്യത കൂടുതലാണ് എന്നതാണ്. 50-ഓ 60-ഓ വയസ്സുള്ളപ്പോൾ ടൈപ്പ് 2 പ്രമേഹം വന്നാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്…’-ഡോ. മോഹൻസ് ഡയബറ്റിസ് സ്പെഷ്യാലിറ്റി സെന്റർ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ. മോഹൻ പറയുന്നു. ‘ടൈപ്പ് 2 പ്രമേഹത്തിന്റെ ആദ്യഘട്ടത്തിലെ ലക്ഷണങ്ങളും പ്രായമായവരിൽ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തിയുടെ കാര്യത്തിന് സമാനമാണ്. അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ക്ഷീണം, പാദങ്ങളിൽ മരവിപ്പും കൂടാതെ കാഴ്ച വൈകല്യങ്ങളും കാഴ്ച മങ്ങലും തുടങ്ങിയവയും ഉണ്ടാകാം…’ – ഡോ. മോഹൻ പറയുന്നു.
ചെറുപ്രായത്തിൽ പ്രമേഹം വരാനുള്ള പ്രധാന കാരണം പൊണ്ണത്തടിയാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, പ്രത്യേകിച്ച് ജങ്ക് ഫുഡ്, അമിതമായ കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവയും വ്യായാമക്കുറവുമാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ചെറുപ്പത്തിൽ തന്നെ പ്രമേഹം വരാനുള്ള മറ്റൊരു കാരണം സമ്മർദ്ദമാണെന്നും അദ്ദേഹം പറയുന്നു. ‘ശരിയായ ജീവിതശൈലിയിലൂടെ പ്രമേഹം തടയാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുന്നതും മൊത്തം കലോറി ഉപഭോഗം കുറയ്ക്കുന്നതും വളരെ പ്രധാനമാണ്. ഒരാൾ പതിവായി വ്യായാമം ചെയ്യുകയും അമിതഭാരമുണ്ടെങ്കിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയും വേണം. യോഗ, പ്രാണായാമം, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം കൃത്യസമയത്ത് ഉറങ്ങുന്നതും സഹായകരമാണ്…’- ഡോ. മോഹൻ പറയുന്നു.
ടൈപ്പ് 2 പ്രമേഹം തടയാനുള്ള മാർഗങ്ങൾ
വ്യായാമം ടെെപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് പ്രധാനമാണ്. നമ്മളിൽ ഭൂരിഭാഗം പേരും വ്യായാമം ചെയ്യാൻ മടികാണിക്കുന്നവരാണ്. വേഗത്തിലുള്ള നടത്തംപൂന്തോട്ടപരിപാലനം,യോഗ, നൃത്തം എന്നിവ ശീലമാക്കാവുന്നതാണ്. ആരോഗ്യകരമായൊരു ഡയറ്റ് പിന്തുടരുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും. നിക്കോട്ടിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും അവ കൈകാര്യം ചെയ്യാൻ പ്രയാസമാക്കുകയും ചെയ്യുന്നു. പുകവലിക്കുന്ന പ്രമേഹമുള്ള ആളുകൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാര അവരുടെ ടാർഗെറ്റ് ലെവലിനോട് അടുത്ത് നിർത്തുന്നതിന് ഇൻസുലിൻ വലിയ അളവിൽ ആവശ്യമാണ്.
സമ്മർദ്ദം കൊണ്ട് മാത്രം പ്രമേഹം ഉണ്ടാകില്ല. എന്നാൽ സമ്മർദ്ദവും ടൈപ്പ് 2 പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നതിന് ചില തെളിവുകളുണ്ട്. ഉയർന്ന അളവിലുള്ള സ്ട്രെസ് ഹോർമോണുകൾ പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ ശരിയായി പ്രവർത്തിക്കുന്നത് നിർത്തുകയും അവ നിർമ്മിക്കുന്ന ഇൻസുലിൻ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. പ്രമേഹമുള്ളവരിൽ ചിലർക്ക് അമിതമായ ഉറക്കം വരുമ്പോൾ മറ്റു ചിലർക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. 63 ശതമാനം അമേരിക്കൻ മുതിർന്നവർക്കും നല്ല ആരോഗ്യത്തിനും സുരക്ഷയ്ക്കും മികച്ച പ്രകടനത്തിനും ആവശ്യമായ ഉറക്കം ലഭിക്കുന്നില്ലെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു.