അടുത്ത കാലത്ത് റിലീസ് ചെയ്ത് പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. സാമൂഹ്യ പ്രാധാന്യമുള്ള വിഷയം നർമത്തിൽ പൊതിഞ്ഞെത്തിയ ചിത്രം മലയാളികൾ ഒന്നടങ്കം സ്വീകരിച്ചു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായി ബേസിൽ കസറിയപ്പോൾ ജയയായി ദർശന സ്കോർ ചെയ്തു. റിലീസ് ചെയ്ത് മൂന്ന് ആഴ്ച പിന്നിടുമ്പോൾ ചിത്രത്തിന്റെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘ജയ ജയ ജയ ജയ ഹേ’യുടെ ടെയ്ൽ എൻഡ് ഡിലീറ്റഡ് സീൻസ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ദർശന അവതരിപ്പിക്കുന്ന ജയ എന്ന കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹമാണ് രംഗം. ഇവിടെ വച്ച് ജയയുടെ മുൻ കാമുകനും(അജു വർഗീസ്) ഭർത്താവായ രാജേഷും കണ്ടുമുട്ടുന്നു. ഇരുവരും തങ്ങളുടെ മണ്ഡലത്തിലെ രാഷ്ട്രീയ വിഷയം എന്നോണം ജയയുടെ കാര്യം പറയുന്നു. ഇരുവരും ജയയെ കൈവിട്ട് കളയില്ലെന്നാണ് വീഡിയോയിൽ പറയുന്നത്. ജയ ഇനി രാജേഷിനൊപ്പം പോയോ ? അതോ ദീപു അവരെ വിവാഹം കഴിക്കുമോ എന്നാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. ‘ജയ ജയ ജയ ജയ ഹേ’യ്ക്ക് രണ്ടാമതൊരു ഭാഗം കൂടി ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
ഒക്ടോബർ 28നാണ് ഫാമിലി എന്റർടെയ്ൻമെന്റ് ആയി ഒരുങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ റിലീസ് ചെയ്തത്. പ്രഖ്യാപന സമയം മുതൽ തന്നെ ശ്രദ്ധനേടിയ ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തു. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.
വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്‍സ് എന്റർടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.