അബുദാബി: ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് തടഞ്ഞ് യുഎഇ സര്‍ക്കാര്‍. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനായി യുഎഇ മന്ത്രിസഭ പുതിയ വില നിയന്ത്രണ നയത്തിന് രൂപം നല്‍കി. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതിയില്ലാതെ മൊത്ത വിതരണക്കാരും ചില്ലറ വ്യാപാരികളും നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍ ഉയര്‍ത്തുന്നത് സര്‍ക്കാര്‍ വിലക്കി.
ഇതനുസരിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല. അരി, ഗോതമ്പ്, പാചക എണ്ണ, മുട്ട, പാല്‍, ബ്രെഡ്, പയര്‍, പഞ്ചസാര, കോഴിയിറച്ചി എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. ഇത് പ്രാഥമിക പട്ടികയാണെന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തുമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രാദേശികമായി ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി ഈടാക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.