ഇടുക്കി: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ച് വിറ്റ സമീപവാസിയായ അമ്മയെയും മകനെയും ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടാനെത്തിയ പൊലീസിനെ വെട്ടിച്ച് ഇടുക്കി ജലാശയത്തിൽ ചാടിയ പ്രതികളിലൊരാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സാഹസികമായിട്ടാണ് പിടികൂടിയത്.
ഇടുക്കി ചീന്തലാർ സ്വദേശി സ്റ്റെല്ല, മകൻ പ്രകാശ് എന്നിവരാണ് ഉപ്പുതറ പൊലീസിൻ്റെ പിടിയിലായത്. ചീന്തലാർ സ്വദേശികളായ പ്രിൻസിൻ്റെ മകൻ്റെ കഴുത്തിലുണ്ടായിരുന്ന 13 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല കഴിഞ്ഞ 23 നാണ് നഷ്ടമായത്. വീടിനുള്ളിലും പരിസരത്തുമെല്ലാം പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല. തുടർന്ന് നാലാം തീയതി ഉപ്പുതറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സമീപവാസികളായ സ്റ്റെല്ലയും മകൻ പ്രകാശും മുങ്ങി. കാറ്റാടിക്കവലയിൽ ഓട്ടോ ഡ്രൈവറായ പ്രകാശ് ബന്ധുവായ ഓട്ടോ ഡ്രൈവറോട് മുണ്ടക്കയത്ത് സ്വർണ്ണം വിറ്റതായി പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് നിരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് കട്ടപ്പനക്കുള്ള ബസിൽ സ്റ്റെല്ലയും പ്രകാശും പോകുന്നതായി ഉപ്പുതറ സിഐക്ക് വിവരം ലഭിച്ചു. തുടർന്ന് സ്വരാജിൽ വെച്ച് സി ഐ ഇ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ബസ് തടഞ്ഞ് പരിശോധന നടത്തി.
എന്നാൽ പ്രകാശും സ്റ്റെല്ലയും പേര് മാറ്റി പറയുകയും തമിഴ്നാട് സ്വദേശികളാണെന്ന് അറിയിക്കുകയും ചെയ്തു. ഒരു കേസുമായി ബന്ധപ്പെട്ട് പല തവണ സ്റ്റേഷനിൽ വന്ന ഇവരെ സിഐ തിരിച്ചറിഞ്ഞു. പിടി വീഴുമെന്നായപ്പോൾ പ്രകാശ് ഇറങ്ങി ഓടി. ഇതോടെ സ്റ്റെല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടേക്ക് ഓട്ടോയിൽ എത്തിയ പ്രകാശ് പൊലീസ് പരിശോധനയറിഞ്ഞ് സ്ഥലം എത്തുന്നതിന് മുമ്പ് വീണ്ടും ഇറങ്ങി ഓടി. പൊലീസും നാട്ടുകാരും പിന്നാലെയെത്തിയതോടെ ഇടുക്കി ഡാമിൻ്റെ സംഭരണിയിലേക്ക് എടുത്ത് ചാടി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പ്രകാശിനെ രക്ഷപെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ മോഷണ മുതൽ മുണ്ടക്കയത്തുള്ള ജൂവലറിയിൽ വിറ്റതായി ഇവര്‍ സമ്മതിച്ചു. അവിടെ നിന്നും മറ്റൊരു ആഭരണം വാങ്ങി ഏലപ്പാറയാൽ വിറ്റതായും പ്രതികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു.