CrimeNEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം അറസ്റ്റ് ചെയ്തു ജപ്തി നടത്തുമെന്ന് ബാങ്ക് പ്രതിനിധി, നീക്കത്തെ എതിർത്ത് അഭിഭാഷക കമ്മിഷൻ; ജപ്തി ചെയ്യാൻ വന്നവർ തമ്മിൽ തർക്കം, ഒടുവിൽ ജപ്തി മുടങ്ങി

കോട്ടയം: കടുത്തുരുത്തിയിൽ പ്രവാസി മലയാളിയുടെ കുടി വെള്ള ബോട്ടിലിങ് കമ്പനി ജപ്തി ചെയ്യാൻ കോടതി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും കോടതി കമ്മീഷനായി എത്തിയ അഭിഭാഷകനും തമ്മിൽ വാഗ്വാദവും ഏറ്റുമുട്ടലിനു ശ്രമവും. സ്ഥാപന ഉടമയുടെ പെൺമക്കളെ അറസ്റ്റ് ചെയ്തും ജപ്തി നടത്തുമെന്ന ബാങ്ക് പ്രതിനിധിയുടെ ഭീഷണിയാണ് ഇരുവരും തമ്മിലുള്ള തർക്കത്തിന് വഴിവച്ചത്. ജപ്തി ചെയ്യാൻ വന്നവർ തമ്മിൽ തർക്കം രൂക്ഷമായതോടെ ജപ്തി മുടങ്ങി.

കോട്ടയം സി ജെ എം കോടതിയിൽ നിന്നും സർഫാസി നിയമ പ്രകാരമുള്ള ജപ്തി ഉത്തരവുമായി എത്തിയ ബാങ്ക് പ്രതിനിധിയും അഭിഭാഷക കമ്മീഷനും തമ്മിലാണ് തർക്കമുണ്ടായത്. കടുത്തുരുത്തി മധുരവേലിയിൽ പി.കെ. എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ഹോൺബിൽ എന്ന കുടിവെള്ള കമ്പനി ജപ്തിക്കെത്തിയവരാണ് പരസ്യമായി വഴക്കിട്ടത്. ജപ്തി നടപടി നടക്കുമ്പോൾ എബ്രഹാമിന്റെ രണ്ടു പെൺമക്കൾ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ പ്രായ പൂർത്തിയാകാത്ത കുട്ടിയുമായിരുന്നു. ഈ പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് നീക്കിയും ജപ്തി നടത്തണമെന്ന് ബാങ്ക് പ്രതിനിധി ആവശ്യപ്പെട്ടു. എന്നാൽ കോടതിയിൽ നിന്നെത്തിയ അഭിഭാഷക കമ്മിഷൻ ഈ നീക്കം എതിർത്തു. ഇതോടെ ബാങ്ക് പ്രതിനിധിയായ യുവാവ് അഭിഭാഷകനു നേരെ കയർക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

തർക്കം രൂക്ഷമായതോടെ അഭിഭാഷകൻ മടങ്ങി. ജപ്തിയും മുടങ്ങി. കുടിവെള്ള വിതരണ കമ്പനിക്കായി എടുത്ത ഒന്നേ മുക്കാൽ കോടിയുടെ വായ്പാ കുടിശികയുടെ പേരിലാണ് എബ്രഹാമിന്റെ പ്ലാന്റ് ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചത്. നേരത്തെ ഇതേ വായ്പയുടെ പേരിൽ അറുപത് സെന്റ് സ്ഥലവും വീടും ബാങ്ക് ജപ്തി ചെയ്തിരുന്നു. പണം തിരിച്ചടയ്ക്കാൻ സാവകാശം തേടി എബ്രഹാം ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ് വേഗത്തിൽ ജപ്തി പൂർത്തിയാക്കാൻ ബാങ്ക് അധികൃതർ എത്തിയത്.

Back to top button
error: