കൊച്ചി: ആറു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 10വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കളമശ്ശേരി കൂനംതൈ ഭാഗം മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ് (44) എറണാകുളം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത് . 2019 ഫെബ്രുവരിലായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി സ്കൂളില്‍ പോകുന്നതും വരുന്നതും പ്രതിയുടെ ഓട്ടോയില്‍ ആയിരുന്നു. മറ്റു കുട്ടികളെല്ലാം ഇറങ്ങി അവസാനമാണ് പെണ്‍കുട്ടി വീട്ടില്‍ ഇറങ്ങിയിരുന്നത്. ഇത് മുതലെടുത്താണ് പ്രതി ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി മാതാവിനോട് വിവരം പറയുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മാതാപിതാക്കളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് കുറ്റകൃത്യം നടത്തിയ പ്രതി യാതൊരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കുവാനും കോടതി ഉത്തരവിട്ടു.