ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹര്‍ജികള്‍ 17ന് കോടതി വീണ്ടും പരിഗണിക്കും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്നുദിവസം സാവകാശം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവര്‍ണറുടെ ഹിയറിങിന് ഹാജരാകണോയെന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്ന കോടതി പരാമര്‍ശത്തോട് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമില്ലെന്ന് കണ്ണൂര്‍ വിസി അറിയിക്കുകയും ചെയ്തു.
പത്ത് വിസിമാരെയും പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നത്. സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മറ്റ് സര്‍വകലാശാലകളിലെ വിസിമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന്റെ പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.