LocalNEWS

കൊച്ചിയില്‍ നിന്നെത്തി കൊല്ലത്തിന്റെ മുഖമായി മാറി: നടിയും ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി വിടവാങ്ങി

കൊച്ചിയില്‍ നിന്നെത്തി കൊല്ലത്തിന്റെ നാടക മുഖമായി മാറിയ കൊച്ചിന്‍ അമ്മിണി വിടവാങ്ങി. കൊല്ലം ഐശ്വര്യ, ദൃശ്യവേദി, അനശ്വര, യവന തുടങ്ങിയ നാടകസംഘങ്ങളുടെ നിരവധി നാടകങ്ങളിലൂടെ അരങ്ങത്ത് നിറഞ്ഞാടിയ അമ്മിണി കൊല്ലത്തെ പ്രിയപ്പെട്ട നാടകക്കാരിയായി. കുറച്ചു കാലം കലാനിലയം സ്ഥിരം നാടകവേദിയിലും കെപിഎസി യിലും അഭിനയിച്ചു. ഇഎംഎസ് എന്ന നാടകം ദേശാഭിമാനി തിയറ്റേഴ്‌സ് അവതരിപ്പിച്ചപ്പോള്‍ ഇഎംഎസിന്റെ അമ്മയായി വേഷമിട്ടത് അമ്മിണിയായിരുന്നു.

മലയാളത്തിലെ ആദ്യ കളര്‍സിനിമയായ ‘കണ്ടം ബെച്ചകോട്ടി’ല്‍ ബഹദൂറിന്റെ നായികയായി സിനിമാരംഗത്ത് എത്തിയ അമ്മിണി തുടര്‍ന്ന് തോക്കുകള്‍ കഥ പറയുന്നു, അടിമകള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വാഴ്വേമായം, അഞ്ചു സുന്ദരികള്‍, കണ്ണൂര്‍ ഡീലക്‌സ് തുടങ്ങി നിരവധി സിനിമകളില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായാണ് സിനിമാരംഗത്ത് അരങ്ങേറിയത്. നടി ശാരദ ഇണപ്രാവുകള്‍ എന്ന സിനിമയില്‍ അമ്മിണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയത്.ശാരദയുടെ ആദ്യകാല സിനിമകള്‍ ഉള്‍പ്പടെ നീണ്ട 13 വര്‍ഷം നിരവധി താരങ്ങള്‍ക്ക് ശബ്ദം നല്‍കി.

ഇതിനിടയിലായിരുന്നു സിനിമാ അഭിനയവും. ഗായകന്‍ യേശുദാസിന്റെ അടുത്ത ബന്ധുവായ അമ്മിണി പാട്ടിലൂടെയാണ് കലാരംഗത്ത് എത്തിയത്. യേശുദാസിനൊപ്പം ജോസഫ് ഭാഗവതരുടെ അടുത്താണ് സംഗീതാഭ്യാസം തുടങ്ങിയത്. പിന്നീട് ദക്ഷിണാ മൂര്‍ത്തി സ്വാമി കളുടെ ശിഷ്യത്വം സ്വീകരിച്ചു. ദക്ഷിണാമൂര്‍ത്തി, എംഎസ് ബാബുരാജ്, ദേവരാജന്‍ തുടങ്ങിയവരുടെ സംഗീത സംവിധാനത്തിന്‍ സിനിമയിലും നിരവധി നാടകങ്ങളിലും പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാപുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.

16-വയസ്സില്‍ കലാരംഗത്ത് എത്തിയ അമ്മിണി ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ജോണ്‍ ക്രൂസ് എന്ന ആംഗ്ലോ ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചെങ്കിലും ബന്ധം അധികകാലം നീണ്ടുന്നില്ല. ഏകുകള്‍ എയ്ഞ്ചല്‍ റാണിയും മരുമകന്‍ സുജയ് കക്കോലിയും ഗള്‍ഫിലാണ്. വര്‍ഷങ്ങളായി രാമന്‍കുളങ്ങരയില്‍ മുതിരപറമ്പില്‍ വാടകക്കായിരുന്നു താമസം. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം തുയ്യം സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ തിങ്കളാഴ്ച പകല്‍ 11ന് സംസ്‌കാരം.

Back to top button
error: