IndiaNEWS

മലയാളികൾക്ക് അഭിമാനമായി പാർലമെന്റിൽ പ്രസംഗിച്ച് തലശ്ശേരി സ്വദേശി നന്ദിക എന്ന കൊച്ചു മിടുക്കി, കയ്യടിച്ച് ലോക്‌സഭാ സ്പീക്കറും കേന്ദ്രവിദ്യാഭ്യാസമന്ത്രിയും

ദേശീയതലത്തിൽ എട്ടുലക്ഷം പേരിൽനിന്ന് ഒരാളായി ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുക. പട്ടികയിലെ ഏക മലയാളി. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുക. ലോക്സഭാ സ്പീക്കർ, കേന്ദ്രവിദ്യാഭ്യാസമന്ത്രി ഇവരുടെ ഫെയ്സ്ബുക്ക് പേജിൽ ഇടം നേടുക. എല്ലാം സ്വപ്നസമാനമായ കാര്യങ്ങൾ.

ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തിൽ പാർലമെൻ്റ് സെൻട്രൽ ഹാളിൽ പ്രസംഗിച്ച് കൈയടി നേടിയിരിക്കുകയാണ് തലശ്ശേരി കോടിയേരി സ്വദേശി നന്ദിക കെ. കുമാർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായി നടത്തിയ ‘വീർഗാഥാ’ പരിപാടിയിൽ പങ്കെടുത്താണ് നന്ദിക പാർലമെന്റിൽ പ്രസംഗിക്കാൻ അർഹത നേടിയത്.

ലോക്സഭാ സ്പീക്കർ ഓംബിർള നന്ദികയെ പ്രകീർത്തിച്ചാണ് തന്റെ സാമൂഹികമാധ്യമപേജിൽ പ്രസംഗം പങ്കുവെച്ചത്. രാജ്യവ്യാപകമായി എട്ടുലക്ഷം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് നന്ദിക. ബെംഗളൂരുവിലെ സെയ്ന്റ് പാട്രിക് അക്കാദമിയിലെ ആറാം തരം വിദ്യാർഥിയായ നന്ദിക സോഫ്റ്റ് വെയർ എൻജിനിയർ കോടിയേരി കല്ലിൽതാഴ സ്വദേശി അനീഷ് കുമാറിന്റെയും അധ്യാപിക ധന്യയുടെയും മകളാണ്. സഹോദരൻ: ദൈവിക്.

പല കടമ്പകൾതാണ്ടിയാണ് നന്ദിക പാർലമെന്റിലെ നടുത്തളത്തിലെത്തിയത്. വീരമൃത്യുവരിച്ച ഭടന്മാരെക്കുറിച്ചുള്ള ലേഖനം എഴുതിനൽകലായിരുന്നു ആദ്യപടി. മൂന്നുപേജിൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ ലേഖനം നേരിട്ട് പാർലമെന്റ് നടുത്തളത്തിലേക്കുള്ള വഴി തുറന്നില്ല. പിന്നെയും കടമ്പകളുണ്ടായിരുന്നു. നന്ദിക ഉൾപ്പെടെ 25 മിടുക്കരാണ് അവസാന പട്ടികയിൽ ഇടം പിടിച്ചത്. മൂന്നുമിനിറ്റ് നീളുന്ന പ്രഭാഷണം ദേശീയോദ്ഗ്രഥനത്തെ അധികരിച്ചുള്ളതായിരുന്നു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് പുരസ്കാരം നന്ദികയ്ക്ക് സമ്മാനിച്ചത്. ഡൽഹിയിലെ ഡി.ആർ.ഡി.ഒ ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും കര, നാവിക, വ്യോമസേനാ തലവന്മാരും പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: