പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ഇന്‍ഡ്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ച് എംബസി ചർച്ച നടത്തുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
16 ഇന്‍ഡ്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലെടുത്ത കപ്പലിലുള്ളത്. ഇവരെ നൈജീരിയക്കു കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ഗിനിയില്‍നിന്ന് നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ വ്യക്തമാക്കി. തടവിലാക്കപ്പെട്ടവരില്‍ കൊല്ലത്തു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത് അടക്കം മൂന്നു മലയാളികളും ഉണ്ട്.
നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശപ്രകാരമാണു കപ്പല്‍ ഗിനി സേന തടഞ്ഞുവച്ചത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്നു തെറ്റിദ്ധരിച്ചാണ് കസ്റ്റഡിയിലെടുത്തത്. കംപനി ഉടമകള്‍ മോചന ദ്രവ്യം നല്‍കി കഴിഞ്ഞിട്ടും വിട്ടയക്കാന്‍ തയാറാകാതെ തടവില്‍ വച്ചിരിക്കയാണ് ഗിനി സേന.
നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ടെര്‍മിനലില്‍ ഊഴംകാത്ത് നില്‍ക്കുന്നതിനിടെ ഒരു ബോട്ട് കപ്പല്‍ ലക്ഷ്യമാക്കി വരുന്നത് ജീവനക്കാർ കാണാനിടയായി. കടല്‍കൊള്ളക്കാരാണെന്ന ധാരണയില്‍ കപ്പല്‍ ഉടന്‍ മാറ്റി. ഗിനിയന്‍ നേവി, കപ്പല്‍ വളഞ്ഞ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് വന്നത് നൈജീരിയന്‍ നേവിയാണെന്ന് അറിയുന്നത്.
ക്രൂഡ് ഓയില്‍ മോഷണത്തിന് വന്ന കപ്പല്‍ എന്ന രീതിയിലാണ് നൈജീരിയന്‍നേവി അന്വേഷണം നടത്തിയത്. പക്ഷേ നിഗൂഢമായ ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗിനിയന്‍ നേവി രണ്ടുലക്ഷം ഡോളര്‍ മോചനദ്രവ്യം കപ്പല്‍ കംപനിയോട് ആവശ്യപ്പെട്ടു. കംപനി അത് നല്‍കിയെങ്കിലും മോചനം നീണ്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യാ ഗവണ്മെൻ്റ് ഫലപ്രദമായി ഇടപെട്ടത്