കണ്ണൂര്‍: തലശ്ശേരി പാലയാട് കാമ്പസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മടം പോലീസാണ് അലനെ കസ്റ്റഡിയില്‍ എടുത്തത്. വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന്‍ ആരോപിച്ചു.
ബുധനാഴ്ച രാവിലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഒരു വിഭാഗവും അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി ഐക്യമുന്നണിയുമായാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. എസ്.എഫ്.ഐക്കാരായ ഒന്നാം വര്‍ഷ എല്‍.എല്‍.ബി. വിദ്യാര്‍ഥികളെ അലന്റെ നേതൃത്വത്തില്‍ റാഗ് ചെയ്തുവെന്നാണ് പരാതി. ഇതിന്റെ ഭാഗമായി അലന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ ധര്‍മടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. അലന്‍ ഷുഹൈബ്, ബദറുദ്ദീന്‍, നിഷാദ് എന്നീ വിദ്യാര്‍ഥികള്‍ക്ക് എതിരേയാണ് റാഗിങ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
എന്നാല്‍, ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അലനും കൂട്ടരും പറയുന്നത്. കഴിഞ്ഞവര്‍ഷം ഒരു വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. ഇതിനെ അലനും സംഘവും ചോദ്യം ചെയ്യുകയും വലിയ പ്രശ്നത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. അതിന് പകരം വീട്ടാനാണ് ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്നെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്ന ജാമ്യം റദ്ദുചെയ്യിക്കാനാണ് എസ്.എഫ്.ഐ. നീക്കമെന്നും അലന്‍ പറഞ്ഞു.
റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തതുമെന്നാണ് ധര്‍മടം പോലീസ് നല്‍കുന്ന വിശദീകരണം.