മലപ്പുറം: വണ്ടിച്ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പോളിസി കൈക്കലാക്കി നിരത്തിലോടിയ സ്വകാര്യ ബസ് മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി. എന്‍ഫോഴ്സ്‌മെന്റ് വിഭാഗം തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തിരൂര്‍-കുറ്റിപ്പുറം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന അല്‍ ബുസ്താന്‍ എന്ന ബസ് പിടികൂടിയത്. പരിശോധനയില്‍ ഇന്‍ഷുറന്‍സ് പോളിസി പേപ്പറില്‍ എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖിന് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
കൂടുതല്‍ പരിശോധനയ്ക്കായി ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ ഒരു പോളിസി നിലവിലില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഇതോടെ സര്‍വീസ് നടത്തിയിരുന്ന ബസ് ചൊവ്വാഴ്ച വൈകുന്നേരം മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പിടികൂടി തിരൂര്‍ പോലീസിന് കൈമാറി. ബസ് ഉടമയ്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പെര്‍മിറ്റ് റദ്ദാക്കാന്‍ ശിപാര്‍ശ ചെയ്യുമെന്നും മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷെരീഫ് പറഞ്ഞു.
തട്ടിപ്പ് ഇങ്ങനെ: വണ്ടിച്ചെക്ക് നല്‍കി ആദ്യം ബസ് ഉടമ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് പോളിസി പേപ്പര്‍ കൈക്കലാക്കും. ചെക്ക് മടങ്ങി പണം കിട്ടാതാകുന്നതോടെ ഇന്‍ഷുറന്‍സ് കമ്പനി പോളിസി റദ്ദുചെയ്യും. എന്നാല്‍ ഈ പോളിസി പേപ്പര്‍ ഉപയോഗിച്ചാണ് പിന്നീട് സ്വകാര്യ ബസ് സര്‍വീസ് നടത്തുക. വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇത് തിരിച്ചറിയുക ബുദ്ധിമുട്ടാണ്. പരിവാഹന്‍ സൈറ്റില്‍ നോക്കിയാല്‍ ഇന്‍ഷുറന്‍സ് ഇല്ല എന്നു കാണിക്കുമെങ്കിലും പോളിസി പേപ്പര്‍ ഹാജരാക്കുന്നതോടെ വിട്ടയക്കാറാണ് പതിവ്.