ഷാരോൺ രാജിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത് മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണെന്ന് വ്യക്തമായി. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് 22കാരിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നും ഗ്രീഷ്മ വെളിപ്പെടുത്തി.
ഷാരോണിന് പ്രണയിനിയായ ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ പറയുന്നു. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും ഷാരോണിനെ കൊലപ്പെടുത്തുന്നതിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
”നല്ല ആരോഗ്യമുള്ള ശരീരമാണ് അവന്റേത്. നല്ല പ്രതിരോധശേഷിയുമുണ്ട്. പക്ഷേ മൂന്നു മാസത്തിനിടെ പലവട്ടം അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി അവൻ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവളുടെ കയ്യിൽ ജൂസിന്റെ കുപ്പിയുണ്ടായിരുന്നു. വീട്ടിൽവച്ച് വിഷം കലർത്തിയ ജൂസ് അവൾ കയ്യിൽ കൊണ്ടു നടക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മകനെ സെപ്റ്റംബർ അവസാനം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് മരുന്നു കഴിച്ചപ്പോൾ അതു ശരിയായി. മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയതോടെ ഇരുവരും കുറച്ചു നാൾ അകന്നു കഴിഞ്ഞു. പിന്നീട് ഗ്രീഷ്മ വീണ്ടും മെസ്സേജുകൾ അയയ്ക്കാനും വിളിക്കാനും തുടങ്ങി. രണ്ടാം തവണ ഇവർ അടുത്തതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മകന് അനുഭവപ്പെട്ടു തുടങ്ങിയത്…” അമ്മ പറയുന്നു.
”ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചു പോകുമെന്നും ജാതകദോഷം ഉണ്ടെന്നും അവൾ പറഞ്ഞിരുന്നു. ഒക്ടോബറിനു ശേഷമേ ഭർത്താവുമായി ജീവിക്കാൻ സാധിക്കുകയുള്ളൂ എന്നാണത്രേ ജാതകത്തിൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഫെബ്രുവരിയിൽ മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. അതിനു മുൻപ് ഷാരോണുമായി കല്യാണം കഴിഞ്ഞു എന്ന് കണക്കിലെടുത്ത് അവനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വീട്ടിൽവച്ച് വിവാഹം കഴിച്ചു എന്നാണ് എന്നോട് പറഞ്ഞത്…”
ഷാരോണിന്റെ മാതാവ് വെളിപ്പെടുത്തി.
ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നത്രേ. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് മകനെ കൊന്നതെന്നും പിതാവ് പറഞ്ഞു:
“ബോധപൂർവം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. അമ്മയും മകളും ചേച്ചിയും ചേർന്നാണ് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിനോടും സർക്കാരിനോടും നന്ദി.”
പിതാവ് പറയുന്നു.