KeralaNEWS

ഒരു വിവാദവുമില്ല സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്വന്തം പ്രീതിയനുസരിച്ച് ഗവർണർക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ജസ്റ്റീസ് കെ.ടി തോമസ്, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പെട്ടെന്ന് ഏകാഭിപ്രായത്തില്‍ എത്തുമെന്ന് ഗോവ ഗവർണർ ശ്രീധരന്‍ പിള്ള, ശക്തമായി ചെറുത്തുനിൽക്കണമെന്ന് മാധ്യമപ്രവർത്തകൻ പി സായ്നാഥ്

കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ടതിൽ ഒരു വിവാദവുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്റെ ഉത്തരവാദിത്തമാണ്. വിധിയുടെ അടിസ്ഥാനത്തിൽ 11 വൈസ് ചാൻസലർമാരുടെ നിയമനം നിയമവിരുദ്ധമാണ്. വി.സിമാരുടെ യോഗ്യതയിലല്ല, അവരുടെ നിയമന രീതിയിലാണ് ചട്ട ലംഘനം കണ്ടെത്തിയതെന്ന് ഗവർണർ പറഞ്ഞു.

നിസാര തകർക്കങ്ങളിൽ ഏർപ്പടാൻ താനില്ലെന്ന് ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടണം. വിദ്യാഭ്യാസത്തിലും സാമൂഹിക പരിവർത്തനത്തിലും മുന്നിൽ നിൽക്കുന്നവരാണ് കേരളീയരെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ഡൽഹി വേൾഡ് മലയാളി ഫെഡറേഷന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

   ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തന്റെ മാനസിക തൃപ്തിയനുസരിച്ചല്ലെന്നും ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും മുൻ സുപ്രിം കോടതി ജഡ്ജി കെ.ടി തോമസ്. പ്രീതി നഷ്ടപ്പെട്ടതിൻ്റെ പേരിൽ മന്ത്രിയെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് കഴിയില്ല.

മന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടെങ്കിൽ മുഖ്യമന്ത്രിയെ ഗവർണർക്ക് അതൃപ്തി അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാൻ ക്ഷണിക്കുന്ന കർത്തവ്യം മാത്രമാണ് കാബിനറ്റിന്റെ ഉപദേശമില്ലാതെ ചെയ്യാവുന്ന ഏക കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് മിസോറാം ഗവര്‍ണറായിരുന്ന സമയത്തും ഇപ്പോള്‍ ഗോവ ഗവര്‍ണര്‍ ആയപ്പോഴും ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും പെട്ടെന്ന് ഏകാഭിപ്രായത്തില്‍ എത്തുമെന്ന് ഗോവ ഗവർണർ ശ്രീധരന്‍ പിള്ള,
കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഗോവ ഗവര്‍ണര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവർത്തനങ്ങൾ തീർത്തും നിരാശാജനകമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്നാഥ്. കൂടുതൽ ശക്തമായി ചെറുത്തുനിൽക്കുക മാത്രമാണ്​ കേരള ജനതയ്ക്കു​ മുന്നിലുള്ള പോംവഴിയെന്നും സായ്​നാഥ്​ ചൂണ്ടിക്കാട്ടി. കേരള മീഡിയ അക്കാദമി നേതൃത്വത്തിൽ  കൊല്ലത്ത്​   മാധ്യമ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മുമ്പ്‌ പുരോ​ഗമന നിലപാടുയർത്തിപ്പിടിച്ചൊരാൾ കേരളത്തിന്റെ ​ഗവർണർ ആയതിൽ സന്തോഷം തോന്നിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളെപ്പോലെ ആകാതെ കേരളത്തിന് കുറച്ച് ഭേദപ്പെട്ടയാളെ ലഭിച്ചല്ലോ എന്നാണ് കരുതിയത്. എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ മാറ്റം നിരാശപ്പെടുത്തി എന്ന്
സായ്നാഥ് പറഞ്ഞു.

Back to top button
error: