KeralaNEWS

ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്ക് ജർമ്മനിയിലേക്ക് കൊണ്ടുപോകും, വ്യാജ പ്രചരണങ്ങൾക്കെതിരെ മകൻ ചാണ്ടി ഉമ്മൻ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയെ കുറിച്ച്‌ ഒട്ടേറെ കുപ്രചരണങ്ങളാണ് പുറത്തു വരുന്നത്. അതിവഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മക്കള്‍ വിദഗ്ധചികിത്സ നിഷേധിക്കുന്നു, ഹോമിയോ ചികിത്സക്കു കൊണ്ടു പോകുന്നു തുടങ്ങി അന്തരീക്ഷത്തിൽ കറങ്ങി നടക്കുന്ന വ്യാജവാർത്തകളേറെ. ഈ വാര്‍ത്തകള്‍ നിഷേധിച്ച്‌ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങൾക്കു മുന്നിലെത്തി. ഒരു ടെലിവിഷൻ ചാനലിൽ നടത്തിയ അഭിമുഖത്തിൽ, പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ചാണ്ടി ഉമ്മന്‍ തുറന്നിടച്ചു.

“അപ്പ ആശുപത്രി വിട്ടു, ഇപ്പോള്‍ ഗസ്റ്റ് ഹൗസിലാണ്. ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനെ തുടര്‍ന്നാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്…”
ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Signature-ad

”ജോഡോ യാത്രയിലായിരുന്ന എന്നോട് അപ്പയ്ക്ക് ചെറിയ ആരോഗ്യ പ്രശ്‌നമുണ്ടെന്ന് വീട്ടില്‍ നിന്ന് അറിയിച്ചു. അപ്പോള്‍ തന്നെ യാത്രയില്‍ നിന്ന് മടങ്ങി പോകാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. മികച്ച ചികിത്സ എവിടെ ലഭ്യമാകുമെന്ന് അദ്ദേഹം ആരാഞ്ഞു. ജര്‍മ്മനിയിലാണ് നിലവില്‍ ഏറ്റവും നല്ല അലോപ്പതി ചികിത്സ ഉള്ളതെന്നും രാഹുലിനെ അറിയിച്ചു.” ചാണ്ടി ഉമ്മന്‍ വെളിപ്പെടുത്തി.

‘ഉടന്‍ തന്നെ അദ്ദേഹത്തെ അവിടേക്ക് കൊണ്ട് പോകണ’മെന്ന് രാഹുല്‍ പറഞ്ഞെന്നും ഹോമിയോ ചികിത്സക്കായാണ് ജര്‍മ്മനിയില്‍ കൊണ്ട് പോകുന്നതെന്ന വാര്‍ത്ത ശരിയല്ലെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.

“അമേരിക്കയില്‍ മാത്രമല്ല ജര്‍മ്മനിയിലും മികച്ച അലോപ്പതി ചികിത്സ ലഭ്യമാണ്. അത് അപ്പയ്ക്ക് നല്‍കും. കുടുംബത്തെയും ഓര്‍ത്തഡോക്‌സ് സഭയേയും ചികിത്സയുടെ കാര്യവുമായി ബന്ധപ്പെട്ട് ദയവായി ആരും വലിച്ചിഴക്കരുത്. സമീപ കാല തെരഞ്ഞെടുപ്പുകളില്‍ അപ്പ സജീവമായിരുന്നു. അപ്പോഴുണ്ടായിരുന്ന അതേ ആരോഗ്യാവസ്ഥയാണ് ഇപ്പോഴുമുള്ളത്. രാജഗിരിയില്‍ നടത്തിയ പരിശോധനകളുടെ ഫലം തൃപ്തികരമാണ്. കേരള സമൂഹത്തിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാകും. അത് കൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്…”
ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

Back to top button
error: