KeralaNEWS

പോര് രൂക്ഷമാകുന്നതിനിടെ ഗവര്‍ണറും മുഖ്യമന്ത്രിയും ഡല്‍ഹിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിയില്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി ഗവര്‍ണര്‍സര്‍ക്കാര്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്‌തേക്കും. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. കേന്ദ്ര സര്‍ക്കാരുമായും നിയമ വിദഗ്ധരുമായും ആശയ വിനിമയം നടത്തുന്ന ഗവര്‍ണര്‍ മാധ്യമങ്ങള്‍ വഴി ശക്തമായ വിമര്‍ശനം തുടര്‍ന്നേക്കും. തുടര്‍ന്നാവും വൈസ് ചാന്‍സലര്‍ പ്രശ്‌നത്തിലെ നടപടികള്‍.

കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി കയ്യാളേണ്ട ഇടത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച് ആര്‍.എസ്.എസ് കളം പിടിക്കുകയാണെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം ബി.ജെ.പി ശക്തമായ ആരോപണങ്ങളോ പ്രക്ഷോഭമോ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിട്ടില്ല. സര്‍വകലാശാലകള്‍ സംബന്ധിച്ച പ്രശ്‌നത്തിലും ബി.ജെ.പി നേതൃത്വമോ പോഷക സംഘടനകളോ ശക്തമായ ഇടപെടല്‍ നടത്തിയില്ല. ഈ ഇടത്തിലേക്കാണ് ആരിഫ് മുഹമ്മദ് ഖാന്‍ കടന്നുവന്ന് നിരന്തരമായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ആര്‍.എസ്.എസിന്റെ താല്‍പര്യം ഇതിനു പുറകിലുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പ്രതിപക്ഷവും ഇതേ അഭിപ്രായം പങ്കിടുന്നു. ഗവര്‍ണര്‍ എന്ന അധികാരസ്ഥാനം മുഖ്യമന്ത്രിക്ക് തുല്യമെന്നോ മുകളിലെന്നോ ഉള്ള നിലയിലേക്ക് മാറി കഴിഞ്ഞു.

ഭരണപരമായ ഇടപെടല്‍ എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവര്‍ണറുടെ നീക്കങ്ങള്‍ എന്ന് സര്‍ക്കാരിനും എല്‍.ഡി.എഫിനും അഭിപ്രായമുണ്ട്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഉറച്ചിരിക്കുകയാണ് ഭരണപക്ഷം. എന്നാല്‍, സര്‍ക്കാരും ഗവര്‍ണരും ഒത്തുകളിക്കുകയും ഭിന്നത വരുമ്പോള്‍ തമ്മില്‍ ചെളിവാരിയെറിയുകയുമാണെന്നാണ് യു.ഡി.എഫിന്റെ അഭിപ്രായം.

 

Back to top button
error: