കൊല്ലം: നഗ്നപൂജയ്ക്ക് പ്രേരിപ്പിച്ചെന്ന കേസില്‍ പ്രതിയായ മന്ത്രവാദി അബ്ദുള്‍ ജബ്ബാറിനെതിരേ വീണ്ടും പരാതി. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന നഗ്നയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പതിനാറുകാരിയാണ് പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദി വട്ടപ്പാറ സ്വദേശിനിയുടെ വീട്ടിലേക്ക് വരികയായിരുന്നു. വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പതിനാറുകാരി പോലീസിനോട് പറഞ്ഞു. അബ്ദുള്‍ ജബ്ബാറിന്റെ സഹായി സിദ്ദിഖിന്റെ ഭാര്യയുടെ അനുജത്തിയാണ് പരാതിക്കാരി.
മന്ത്രവാദിക്കും ഭര്‍ത്താവിനും കുടുംബത്തിനുമെതിരേ സിദ്ദിഖിന്റെ ഭാര്യയും നേരത്തെ പരാതി നല്‍കിയിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍, ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാന്‍ അബ്ദുള്‍ ജബ്ബാറിന്റെ അടുത്ത് നഗ്നപൂജ നടത്തണമെന്നും സിദ്ദിഖ് നിരന്തരം ആവശ്യപ്പെട്ടു. ജനിക്കാന്‍ പോകുന്നത് ചാപിളളയാണെന്ന് പറഞ്ഞും നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം, മന്ത്രവാദിയും സംഘവും ഇപ്പോഴും ഒളിവിലാണ്. പ്രതികളുടെ ഫോണും സ്വിച്ച് ഓഫാണ്.