NEWS

യാത്രയ്ക്കു മുൻപോ യാത്രയ്ക്കിടയിലോ ട്രെയിൻ ടിക്കറ്റ് നഷ്ട്ടപ്പെട്ടാൽ ചെയ്യേണ്ടത്

ട്രെയിനിൽ യാത്ര ചെയ്യുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടിക്കറ്റുകൾ. എന്നാൽ യാത്രയ്ക്കു മുൻപോ അല്ലെങ്കിൽ യാത്രയ്ക്കിടയിലോ ടിക്കറ്റ് റെയിൽവേ ടിക്കറ്റ് നഷ്ടപ്പെട്ടു പോയാൽ എന്തുചെയ്യും? അതുമല്ലെങ്കിൽ വിശദാംശങ്ങൾ മനസ്സിലാകാത്ത വിധത്തിൽ ടിക്കറ്റ് കേടുവന്നുപോയാൽ എന്താണ് ചെയ്യേണ്ടത്? അതുമായി യാത്ര ചെയ്യുവാൻ സാധിക്കുമോ? തീർച്ചയായും കഴിയും. ഇതിനായി നിങ്ങൾക്ക് വേണ്ടത് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ആണ്. ടിക്കറ്റ് നഷ്ടമായിപ്പോയാൽ എങ്ങനെ യാത്ര ചെയ്യാമെന്നും എന്താണ് ഡ്യൂപ്ലിക്കേറ്റ് റെയിൽവേ ടിക്കറ്റ് എന്നും വിശദമായി നോക്കാം.
സ്ഥിരം ട്രെയിൻ യാത്രക്കാർ പലപ്പോഴും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ട്രെയിന് ടിക്കറ്റ് നഷ്ടമാകുന്നത്. യാത്ര ആരംഭിക്കുന്നതിനു മുൻപായോ യാത്രയ്ക്കിടയിലോ ടിക്കറ്റ് നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നത് അത്യാവശ്യമാണ്. ഏതെങ്കിലും സാഹചര്യത്തിൽ കണ്‍ഫോം ആയ റെയില്‍വേ ടിക്കറ്റ് കാണാതാവുകയോ അല്ലെങ്കിൽ മോശമായി പോവുകയോ ചെയ്താൽ യാത്രക്കാർക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ മേടിക്കാം. ഇതിനായി ചെറിയൊരു തുക അടയ്ക്കേണ്ടി വരുമെന്നു മാത്രം.
ഓൺലൈനായാണ് നിങ്ങൾ ടിക്കറ്റ് എടുത്തതെങ്കിൽ ഐആർസിടിയിലുടെ വെബ്സൈറ്റിൽ ലോഗ്-ഇൻ ചെയ്ത് ബുക്കിങ് ഹിസ്റ്ററി (Booking History)യിൽ നിന്നും ടിക്കറ്റ് പ്രിന്‍റ് ഔട്ട് എടുക്കുവാൻ സാധിക്കും.
നിങ്ങൾ റിസർവേഷൻ വിൻഡോയിൽ നിന്നും അതായത് പിആർഎസ് കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ ആദ്യം ചെയ്യേണ്ടത് റെയിൽവേ റിസർവേഷൻ ഓഫീസിനെ അറിയിക്കുക എന്നതാണ്. അതിനു ശേഷംപിആർഎസ് കൗണ്ടറിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് വാങ്ങാം. കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ കൗണ്ടറിൽ ചീഫ് റിസർവേഷൻ സൂപ്പർവൈസറെ ബന്ധപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിച്ച ഐഡി പ്രൂഫ് കാണിക്കുക. ഓർമ്മിക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ടിക്കറ്റ് കൺഫേം ചെയ്തതോ അല്ലെങ്കിൽ RAC സ്റ്റാറ്റസിലോ ആണെങ്കിൽ മാത്രമേ , അതേ PNR നമ്പറുള്ള ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് അവൻ നല്കുകയുള്ളൂ.
പ്രത്യേകം ഒരു തുട ഈടാക്കി മാത്രമേ റെയിൽവേ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ അനുവദിക്കാറുള്ളൂ. സെക്കൻഡ്, സ്ലീപ്പർ ക്ലാസ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾക്ക് 50 രൂപയാണ്യ നല്കേണ്ടത്. മറ്റു ക്ലാസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ 100 രൂപ നല്കണം.എന്നാൽ യാത്രയുടെ ചാർട്ട് തയ്യാറാക്കിയ ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിനായി അപേക്ഷിക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്‍റെ പകുതി തുക ( 50%) റെയിൽവേ ഈടാക്കും.കീറിയതോ മോശമായതോ ആയ ടിക്കറ്റുകൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ നിരക്കിന്റെ 25% റെയിൽവേ ഈടാക്കും.
ഇനി ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടു എന്നു കരുതിയ ടിക്കറ്റ് നിങ്ങൾക്ക് ലഭിക്കുകയും അതിനു മുൻപേ തന്നെ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് മേടിക്കുകയും ചെയ്താൽ രണ്ട് ടിക്കറ്റുകളും ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് അധികൃതരെ കാണിക്കുക. അങ്ങനെ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന് നിങ്ങൾ അടച്ച ഫീസ് റെയിൽവേ തിരികെ നൽകും. എങ്കിലും 5% അല്ലെങ്കിൽ കുറഞ്ഞത് 20 രൂപ റെയിൽവേ തിരികെപ്പിടിക്കും.

Back to top button
error: