ബംഗളൂരു:ലിങ്കായത് സന്യാസിയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗല്‍ ബന്‍ഡേ മഠത്തിലെ 45കാരനായ ബസവലിംഗ സ്വാമിയാണ് മരിച്ചത്.
മരണത്തിന് കാരണം ചിലരുടെ ബ്ലാക്ക്മെയ്ലിങ് ആണെന്ന് പൊലീസ് പറയുന്നു. ഒരു സ്ത്രീയുമായുള്ള ഓഡിയോ സംഭാഷണം വച്ച് ചിലര്‍ സന്യാസിയെ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു.
തന്നെ സ്ഥാനത്തു നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്ന ചിലരുടെ ഉപദ്രവം സഹിക്കനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 25 വര്‍ഷത്തോളം ബസവലിംഗ സ്വാമിയായിരുന്നു മഠം മേധാവി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സെപ്തംബറില്‍ ബെലഗാവി ജില്ലയിലെ ശ്രി ഗുരുമദിവലേശ്വര്‍ മഠത്തിന്റെ തലവനായ ബസവ സിദ്ധലിംഗ സ്വാമിയെ സമാന രീതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. എന്നാല്‍ കുറിപ്പിന്റെ ഉള്ളടക്കം പുറത്തുവിട്ടിരുന്നില്ല.
കര്‍ണാടകയിലെ ചില മഠങ്ങളില്‍ നടന്ന ലൈംഗികാതിക്രമ കേസുകളെ കുറിച്ച് രണ്ട് സ്ത്രീകള്‍ വെളിപ്പെടുത്തുന്ന വീഡിയോയില്‍ തന്റെ പേരും പരാമര്‍ശിച്ചതില്‍ സന്യാസി അസ്വസ്ഥനായിരുന്നുവെന്ന് മഠം വൃത്തങ്ങള്‍ പറഞ്ഞിരുന്നു.