IndiaNEWS

കോൺഗ്രസ് ശുദ്ധീകരണ യജ്ഞവുമായി ശശി തരൂർ മുന്നോട്ട്, പ്രവർത്തക സമിതിയിലേക്കും തിരഞ്ഞെടുപ്പ് വേണം. എതിർക്കില്ലെന്ന് രാഹുൽഗാന്ധി; ഇത്തിക്കണ്ണികൾ പുറത്താകും

  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ പ്രവര്‍ത്തകസമിതിയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചു. കോണ്‍ഗ്രസിന്റെ പരമോന്നത ഘടകമായ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്ന ഉറച്ച നിലപാടിലാണ് ശശി തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും.

രാഹുൽഗാന്ധി കൂടി തീരുമാനത്തെ അംഗീകരിച്ചതോടെ പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത വർധിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ ഇത്തിക്കണ്ണികളായ നേതാക്കൾ പരമോന്നത സമിതിയിൽ എത്തുന്നത് തടയപ്പെടും. ഇത് കോൺഗ്രസിന് വലിയ ഉണർവേകും എന്നും, ഹൈക്കമാൻഡ് സംസ്കാരത്തിനും മാറ്റം വരുത്താൻ സഹായകമാകും എന്നുമാണ് മാറ്റം മുദ്രാവാക്യമായ തരൂർ ഉൾപ്പെടെയുള്ളവരുടെ വാദഗതി. കേരളത്തിലേത് ഉൾപ്പെടെയുള്ള പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നാൽ മാറ്റമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മികച്ച മത്സരം കാഴ്ച വച്ച ശശി തരൂരിനെ പ്രവര്‍ത്തകസമിതിയിലേക്ക് കൊണ്ടു വരുന്ന കാര്യത്തില്‍ ഖര്‍ഗെ നെഹ്റു കുടുംബവുമായി ചര്‍ച്ച നടത്തി. നാളെയാണ് എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റെടുക്കുന്നത്. പ്രവര്‍ത്തക സമിതിയുടെ പുനസംഘടനയും വരാനിരിക്കുന്ന പ്ലീനറി സമ്മേളനവുമാണ് സംഘടനയ്ക്ക് അകത്ത് ഖര്‍ഗെയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളികള്‍. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളും ഇതിനിടയില്‍ നടക്കും.

Back to top button
error: