CrimeNEWS

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം; 37-ാം പ്രതി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. 37 മാത്തെ പ്രതി ബഷീറാണ് വ്യാഴാഴ്ച പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലായത്. ഇയാൾ ഒളിവിലായിരുന്നു. പാലക്കാട് വെണ്ണക്കര നൂറണി സ്വദേശിയാണ് ബഷീർ. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ല സെക്രട്ടറി അബൂബക്കർ സിദ്ദിഖാണ് മുമ്പ് പൊലീസ് പിടിയിലായത്. ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക്‌ പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ  വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളിൽ ചിലർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നതായുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിരുന്നു.  ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റെന്നായിരുന്നു ഇൻക്വസ്റ്റ് പരിശോധനയിലും പോസ്റ്റ് മോർട്ടത്തിലും വ്യക്തമായത്. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു.

Back to top button
error: