വർക് ഫ്രം ഹോം അവസാനിപ്പിച്ച കംപനികളിൽ ജീവനക്കാരുടെ രാജി വർധിച്ചതായി സർവേ റിപ്പോർട്. എച്ച്.ആർ സൊല്യൂഷൻസ് സ്ഥാപനമായ അയോൺ നടത്തിയ സർവേ പ്രകാരം, വർക് ഫ്രം ഹോം അവസാനിപ്പിച്ച കംപനികളിൽ ജീവനക്കാരുടെ രാജി 29 ശതമാനം ആയി വർധിച്ചപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയോ ഹൈബ്രിഡ് മോഡൽ പിന്തുടരുകയോ ചെയ്ത കംപനികളിൽ 19 ശതമാനം മാത്രമാണ് ജീവനക്കാരുടെ കൊഴിഞ്ഞുപോക്കുണ്ടായത്.
700-ലധികം കംപനികളെ ഉൾപെടുത്തി നടത്തിയ സർവേയിൽ വർക് ഫ്രം ഹോം ട്രെൻഡ് കുറയുന്നതായി കണ്ടെത്തി. ഇൻഡ്യയിലെ കംപനികളിൽ ഓഗസ്റ്റ് മാസത്തിൽ ഏകദേശം ഒമ്പത് ശതമാനം മാത്രമാണ് പൂർണമായും വർക് ഫ്രം ഹോമിൽ പ്രവർത്തിക്കുന്നത്, ജനുവരിയിൽ ഇത് 38 ശതമാനം ആയിരുന്നു. സർവേയിൽ പങ്കെടുത്ത 700 കംപനികളിൽ ഓഗസ്റ്റ് വരെ 70 ശതമാനവും ഹൈബ്രിഡ് മോഡിലാണ് പ്രവർത്തിക്കുന്നത്. 2022 ജനുവരിയിൽ 48 ശതമാനം ആയിരുന്നു ഈ നിരക്ക്.
നിരവധി പ്രമുഖ കംപനികൾ അവരുടെ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന രീതിയിൽ ഹൈബ്രിഡ് മോഡൽ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ ആർ.പി.ജി ഗ്രൂപ്, പെപ്‌സികോ, ടെക് മഹീന്ദ്ര എന്നിവ ഉൾപെടുന്നു. ജീവനക്കാരുടെ മുൻഗണനയും ബിസിനസ് ആവശ്യകതകളും സന്തുലിതമാക്കുന്നതിന് കംപനികൾ വഴക്കമുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് സർവേ ഫലങ്ങൾ ചൂണ്ടി കാണിക്കുന്നു.