IndiaNEWS

പാക്, ചൈന അതിർത്തികളിലെ പ്രത്യേക സാഹചര്യം; സേനയ്ക്കായി 1000 നിരീക്ഷണ കോപ്റ്ററുകൾ

ദില്ലി: ഇന്ത്യൻ കരസേനയ്ക്ക് അടിയന്തിരമായി ആയിരം നിരീക്ഷണ ഹെലികോപ്റ്ററുകൾ വാങ്ങാനുള്ള അനുമതിക്ക് നിർദേശം സമർപ്പിച്ച് പ്രതിരോധ മന്ത്രാലയം. അടിയന്തരസാഹചര്യങ്ങൾ പരിഗണിച്ച് ഫാസ്റ്റ് ട്രാക്ക് നടപടിക്രമങ്ങളിലൂടെ ഹെലികോപ്ടർ വാങ്ങണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. വടക്കൻ അതിർത്തികളിലെയും നിയന്ത്രണ രേഖയിലെയും നിലവിലെ അസ്ഥിര സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഹെലികോപ്റ്ററുകളുടെ അടിയന്തര സംഭരണം ആവശ്യമാണ് എന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ വിശദീകരണം. ഈ സ്ഥലങ്ങളിൽ തടസ്സമില്ലാത്ത നിരീക്ഷണം ആവശ്യമാണെന്ന് ശുപാർശയിൽ പറയുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ നിരീക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അടിയന്തര പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനും നിരീക്ഷണ കോപ്റ്ററുകൾ വാങ്ങുന്നത് വേഗത്തിലാക്കാൻ മന്ത്രാലയം ശുപാർശ ചെയ്തതായാണ് വിവരം. ഇക്കാര്യത്തിൽ വരുന്ന അനാവശ്യ കാലതാമസം ഇന്ത്യൻ സൈന്യത്തിന്റെ ശേഷിയെയും തയ്യാറെടുപ്പിനെയും പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ സൈന്യത്തിന് വ്യോമ നിരീക്ഷണ ശേഷിയും സുസ്ഥിരമായ നിരീക്ഷണ പാടവവും ഈ നിരീക്ഷണ കോപ്റ്ററുകൾ നൽകുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

Signature-ad

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തത്സമയ നിരീക്ഷണം നടത്തുന്നതിനും, പ്രത്യേകമായി ഒരു മേഖലയുടെ നിരീക്ഷണത്തിനും അനുയോജ്യമായ ഒരു മൾട്ടി-സെൻസർ സംവിധാനമാണ് നിരീക്ഷണ കോപ്റ്റർ. അതിർത്തിയിലെ പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിനും സജീവമായ പ്രവർത്തനങ്ങൾക്കും ഇത് സഹായകമാകും. സൈനികരുടെയും വാഹനങ്ങളുടെയും ടാർഗെറ്റ് കണ്ടെത്തുന്നതിനും തുടർ നീക്കം പ്രാപ്‌തമാക്കുന്നതിനും എതിരാളിയുടെ ബിൽഡ്-അപ്പ്, ഉയർന്ന റെസല്യൂഷൻ ഇമേജറി എന്നിവയുടെ തിരിച്ചറിയലിനും ഈ കോപ്റ്ററുകൾ സഹായിക്കും.

ഓരോ നിരീക്ഷണ കോപ്റ്ററിനും 10 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടാകരുത് എന്നാണ് പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം. ഇവ ഉയർന്ന ഉയരത്തിലുള്ള ശക്തമായ കാറ്റിനെയും 12-14 നോട്ട് വരെയുള്ള കാറ്റിനെയും നേരിടാൻ അനുയോജ്യമായിരിക്കണം. ഇതിന് ഒരു കളർ ഡേ വീഡിയോ ക്യാമറയും ഒരു മോണോക്രോമാറ്റിക് നൈറ്റ് തെർമൽ സെൻസറും രണ്ട് സ്പെയർ ബാറ്ററികളും ഉണ്ടായിരിക്കണം. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലും ഭൂനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിലും കോപ്റ്ററിന് പ്രവർത്തിക്കാൻ കഴിയണം. പൂർണ്ണമായും ഓട്ടോമാറ്റിക്കായതും മാനുവൽ, ഹോവർ, ഹോം മോഡുകൾ എന്നിവയിൽ പ്രവർത്തിക്കാൻ കഴിയുന്നതുമായിരിക്കണം ഇവയെന്നും പ്രതിരോധമന്ത്രാലയത്തിന്റെ ശുപാർശയിൽ പറയുന്നു.

Back to top button
error: